യുപിയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയോ? മറുപടി പറഞ്ഞ് പ്രിയങ്ക ഗാന്ധി
ലഖ്നൗ; 2022 ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. സംസ്ഥാന ഭരണം ഇക്കുറിയും നിലനിർത്തുകയെന്നത് ബിജെപിയെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. അതേസമയം എന്ത് വിലകൊടുത്തും ബിജെപിയെ താഴെയിറക്കുമെന്ന പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ.
ബിജെപിയെ തളയ്ക്കാൻ കോൺഗ്രസും ശക്തമായ പോരിനാണ് സംസ്ഥാനത്ത് ഒരുങ്ങുന്നത്. ഇതിനോടകം തന്നെ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. അതിനിടെ യുപിയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി തന്നെ ഇറങ്ങുമോയെന്ന ചോദ്യങ്ങളും ശക്തമാണ്. ഇപ്പോഴിതാ ഇത് സംബന്ധിച്ച് പ്രിയങ്ക തന്നെ പ്രതികരിച്ചിരിക്കുകയാണ്.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിലും പിന്നീട് വന്ന ലോക്സഭ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലുമെല്ലാം കനത്ത തിരിച്ചടിയാണ് കോൺഗ്രസ് സംസ്ഥാനത്ത് നേരിട്ടത്. എന്നാൽ എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി സംസ്ഥാനത്തിന്റെ ചുമതല ഏറ്റെടുത്തതോടെ ആത്മവിശ്വാസം ഉയർന്ന നിലയിലാണ് ഇവിടെ പ്രവർത്തകർ.

വൻ വിജയങ്ങൾ ഒന്നും അവകാശപ്പെടാൻ ഇല്ലേങ്കിലും വോട്ട് വിഹിതത്തിൽ ഉൾപ്പെടെ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കഴിഞ്ഞ നാളുകൾക്കിടയില്ലെല്ലാം സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ സമാജ്വാദി പാർട്ടിയേക്കാൾ യോഗി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന് സാധിച്ചിട്ടുണ്ടെന്നും നേതാക്കൾ പറയുന്നുണ്ട്.

പ്രിയങ്കയുടെ വരവോടെ സംഘടന തലത്തിലും കോൺഗ്രസിൽ വലിയ മാറ്റങ്ങൾ നടപ്പാക്കിയിട്ടുണ്ട്. മാത്രമല്ല താഴെതട്ടിൽ ഉൾപ്പെടെ പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള നടപടികൾ പ്രിയങ്ക സ്വീകരിച്ചിരുന്നു. ഇങ്ങനെയൊക്കെയാണ് സാഹചര്യമെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അത്ഭുദങ്ങൾ ഉണ്ടാകണമെങ്കിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി വരണമെന്നതാണ് പ്രവർത്തകരുടെ ആവശ്യം.

നേരത്തേ തന്നെ ഇത്തരമൊരു ആവശ്യം കോൺഗ്രസിൽ നേരത്തേ തന്നെ ഉയർന്നെങ്കിലും ഹൈക്കമാന്റ് ഈ ആവശ്യത്തോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇത് സംബന്ധിച്ച ചോദ്യത്തിന് പ്രിയങ്ക ഗാന്ധി തന്നെ മറുപടി നൽകിയിരിക്കുകയാണ്.ലാഖിംപുർ ഖേരിയിൽ വെച്ചായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
മാധ്യമങ്ങളുടെ ചോദ്യത്തിന് നമ്മുക്ക് കാണാം എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

മാധ്യമപ്രവർത്തകർ കൂടുതൽ ചോദ്യങ്ങളിലേക്ക് കടന്നതോടെ എല്ലാത്തിനും ഇപ്പോൾ തന്നെ മറുപടി പറയണമോയെന്നും പ്രിയങ്ക ചോദിച്ചു. എന്തായിക്കും കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രമെന്ന ചോദ്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ടുകളിൽ അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുക എന്നതാണെന്നും അവർ മറുപടി നൽകി.
Recommended Video

കഴിഞ്ഞ ഒന്നരവർഷമായി സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി കോൺഗ്രസ് ശക്തമായ സ്വരങ്ങൾ ഉയർത്തി. ഞങ്ങൾ ജനത്തിന് വേണ്ടി നിരത്തിലിറങ്ങി, നിരവധി പാർട്ടി പ്രവർത്തകർ അറസ്റ്റിലായി. മറ്റ് പാർട്ടികളൊന്നും തന്നെ ജനകീയ വിഷയങ്ങളിൽ പ്രതികരിക്കാൻ പോലും തയ്യാറായിരുന്നില്ല, ഞങ്ങൾ ഞങ്ങളുടെ പ്രവർത്തനങ്ങൾ തുടരുക തന്നെ ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു.












Click it and Unblock the Notifications