കളക്ടറേറ്റില്‍ സ്ത്രീ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു
കൊയമ്പത്തൂര്‍: കൊയമ്പത്തൂര്‍ കളക്ടറേറ്റില്‍ വെച്ച് മധ്യവയസ്‌കയുടെ ആത്മഹത്യാ ശ്രമം. തിങ്കളാഴ്ചയായിരുന്നു സംഭവം. കളക്ടറേറ്റില്‍ പരാതി സമര്‍പ്പിക്കാനെത്തിയ അമ്മാസൈ എന്ന സ്ത്രീയാണ് ആത്മഹത്യാശ്രമം നടത്തിയത്. പരാതി സ്വീകരിക്കാനിരുന്നവരുടെ മുന്‍പില്‍ വെച്ച് കൈയ്യില്‍ കരുതിയിരുന്നു മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തി ആത്മത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
സമീപമുണ്ടായിരുന്ന പോലീസുകാരും കളക്ടറേറ്റ് ഉദ്യോഗസ്ഥരും ഉടന്‍ സ്ത്രീയെ പിടിച്ചുമാറ്റിയതിനാല്‍ അത്യാഹിതം ഒഴിവായി. മാസങ്ങളായി തന്റെ സ്ഥലം അളന്നു നല്‍കാനായി പരാതി നല്‍കിയിട്ടെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നുമാണ് സ്ത്രീയുടെ പരാതി. ഇതേ തുടര്‍ന്നായിരുന്നു ആത്മഹത്യാ ശ്രമം.

ഇവരെ പിന്നീട് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി മൊഴിയെടുത്തു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ത്രീയുടെ പരാതി കേട്ടെങ്കിലും അവര്‍ സ്ഥലം അളന്നുകൊടുക്കുന്നതിനെക്കുറിച്ച് ഉറപ്പുനല്‍കിയിട്ടില്ല. കൊയമ്പത്തൂരില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ മൊളപ്പാളയം എന്ന സ്ഥലത്താണ് സ്ത്രീയുടെ വീട്.
ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയും ഓഫീസില്‍ കയറിയിറങ്ങിയും മടുത്തുപോയെന്ന് സ്ത്രീ പറയുന്നു. കൈക്കൂലി നല്‍കാന്‍ തന്റെ കൈയ്യില്‍ പണമില്ലെന്നും അതുകൊണ്ടാകാം തന്റെ പരാതി പരിഗണിക്കാത്തതെന്നും അവര്‍ ആരോപിച്ചു. സ്ത്രീയുടെ ആത്മഹത്യാശ്രമം വാര്‍ത്തയായതോടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ടതായാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications