ദാമ്പത്യപ്രശ്‌നം; യുവാവ് ഭാര്യയെ പരസ്യമായി തീകൊളുത്തി
ദില്ലി: രണ്ടു കുട്ടികളുടെ അമ്മയായ ഇരുപത്തിയഞ്ചുകാരിയെ ദാമ്പത്യ പ്രശ്‌നത്തെ തുടര്‍ന്ന് ഭര്‍ത്താവ് പരസ്യമായി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ഗാസിയാബാദിനടുത്ത് ജ്യോതി നഗറില്‍ കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. ജനക്കൂട്ടത്തിന് നടുവില്‍ തീകൊളുത്തപ്പെട്ട റൂബീനയെന്ന സ്ത്രീ ജീവനുവേണ്ടി അലറിക്കരഞ്ഞിട്ടും രക്ഷിക്കാന്‍ ആരും രംഗത്തെത്തിയില്ല.
സ്ഥലത്ത് പാഞ്ഞെത്തിയ പോലീസാണ് ഇവരെ പിന്നീട് ആശുപത്രിയിലെത്തിച്ചത്. 75 ശതമാനം പൊള്ളലേറ്റ റുബീനയെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഇവരിപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഭാര്യയെ തീകൊളുത്തിയ ഉടനെ രക്ഷപ്പെട്ട ഭര്‍ത്താവ് റയീസ് ഖാനുവേണ്ടി പോലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്.

ഏറെനാളായി ദാമ്പത്യ പ്രശ്‌നത്തെ തുടര്‍ന്ന് ഭര്‍ത്താവും റുബീനയും അകന്നുകഴിയുകയായിരുന്നു. സ്വന്തം വീട്ടില്‍ ഭര്‍ത്താവിന്റെ പ്രശ്‌നങ്ങളില്ലാതെ താമസിച്ചുവന്ന റുബീനയെ കഴിഞ്ഞദിവസം റയീസ് നിര്‍ബന്ധിച്ച് തിരികെ കൊണ്ടുവരികയായിരുന്നു. തിരികെയെത്തുമ്പോള്‍ ഭര്‍ത്താവ് കൈയ്യില്‍ പ്ലാസ്റ്റിക് കുപ്പിയുമായി നില്‍ക്കുന്നത് കണ്ടതായി റൂബീനതന്നെ സുഹൃത്തുക്കളോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
റുബീനയെ അടുത്തുകിട്ടിയതോടെ നേരത്തെ കരുതിവെച്ച മണ്ണെണ്ണ തലയിലൊഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. കണ്ടുനിന്നവര്‍ തടഞ്ഞിരുന്നെങ്കില്‍ അത്യാഹിതം നടക്കില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. തീകൊളുത്തപ്പെട്ടതോടെ പ്രാണരക്ഷാര്‍ഥം ഓടിയതാണ് റുബീനയുട പൊള്ളല്‍ ഇരട്ടിയാക്കിയത്.












Click it and Unblock the Notifications