റെയില്‍വെ ട്രാക്കിലൂടെ കാര്‍ ഓടിച്ച് യുവതി; പിന്നാലെ പാഞ്ഞ് നാട്ടുകാര്‍, ട്രെയിനുകള്‍ വൈകി
ഹൈദരാബാദ്: റെയില്‍ പാളത്തിലൂടെ കാര്‍ ഓടിച്ച യുവതി പരിഭ്രാന്തി പരത്തി. ഹൈദരാബാദിന് അടുത്ത രംഗറെഡ്ഡി ജില്ലയിലാണ് സംഭവം. ഏഴ് കിലോമീറ്ററോളം യുവതി ട്രാക്കിലൂടെ കാര്‍ ഓടിച്ചുപോയി. തടയാന്‍ ശ്രമിച്ച നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്തു. ഈ വേളയില്‍ ഇതേ ട്രാക്കില്‍ വരുന്ന ട്രെയിന്‍ അടിയന്തര നിര്‍ദേശം നല്‍കി പിടിച്ചിട്ടു.
ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം. കൊണ്ടകല്‍ ലെവല്‍ ക്രോസില്‍ എത്തിയാണ് യുവതി കാര്‍ റെയില്‍ പാളത്തിലേക്ക് എടുത്തത്. ഇതോടെ കണ്ടവരെല്ലാം പരിഭ്രാന്തരായി. നകുലപള്ളിയില്‍ വച്ച് തടയാന്‍ ശ്രമിച്ചവരെ യുവതി വിരട്ടി. വീണ്ടും ഓടിച്ചുപോയി. നകുലപള്ളിക്കും ശങ്കര്‍പള്ളിക്കുമിടയില്‍ വച്ച് യുവതിയെ തടഞ്ഞ് ബലം പ്രയോഗിച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.

യുവതി ട്രാക്കിലൂടെ കാര്‍ ഓടിക്കുന്ന വേളയില്‍ അതേ പാളത്തില്‍ ട്രെയിന്‍ വരുന്നുണ്ടായിരുന്നു. അപായ സൂചന നല്‍കി ട്രെയിന്‍ തടഞ്ഞതു കൊണ്ട് ദുരന്തം ഒഴിവായി. അല്‍പ്പ നേരം റെയില്‍വെ പോലീസും ജീവനക്കാരും നാട്ടുകാരും പുലിവാലുപിടിച്ചു. ബെംഗളൂരു-ഹൈദരാബാദ് റൂട്ടില്‍ നിരവധി ട്രെയിനുകള്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. 45 മിനുട്ടിന് ശേഷമാണ് ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിച്ചത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഏറെ പണിപ്പെട്ട് യുവതിയെ പിടികൂടി. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗ സ്വദേശിയായ രവിക സോണിയാണ് കാര്‍ ഓടിച്ചിരുന്നത് എന്ന് പോലീസ് പറഞ്ഞു. ഹൈദരാബാദിലെ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ് എന്ന് യുവതി പോലീസിനോട് പറഞ്ഞു.
ജോലി നഷ്ടമായ വിഷമമോ റീല്‍സ് എടുത്തതോ
അടുത്തിടെ യുവതിക്ക് ജോലി നഷ്ടമായിരുന്നു. ഇതിലുള്ള മാനസിക സംഘര്‍ഷമാകാം യുവതിയെ പാളത്തിലൂടെ കാര്‍ ഓടിക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് സംശയം. അതേസമയം, യുവതി റീല്‍സ് തയ്യാറാക്കാന്‍ വേണ്ടി കാര്‍ ഓടിച്ചതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. വിശദമായി ചോദ്യം ചെയ്താലേ ഇക്കാര്യം വ്യക്തമാകൂ എന്ന് പോലീസ്പറഞ്ഞു.
അറസ്റ്റ് രേഖപ്പെടുത്തിയ യുവതിയെ വൈദ്യപരിശോധനയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവതിയുടെ ബന്ധുക്കളെ പോലീസ് ഫോണില്‍ വിളിച്ചു. റെയില്‍വെ പോലീസും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. വലിയ ദുരന്തത്തിലേക്കാണ് യുവതി കാര്‍ ഓടിച്ചതെന്നും വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications