'ദീപാവലി സമ്മാനം' കിട്ടി യുവതി കുടുങ്ങി; മുഴുവന്‍ 2000 രൂപയുടെ നോട്ട്, സഹായം ചോദിച്ച് കുറിപ്പ്
ദീപാവലി ആഘോഷം വരുന്നതിന് മുന്നോടിയായി വീടുകള്‍ വൃത്തിയാക്കുന്ന തിരക്കിലാണ് പലരും. പഴയ കാണാതായ പലതും ഇത്തരം വേളകളില്‍ കണ്ടുകിട്ടാറുണ്ട്. അങ്ങനെ ലഭിച്ച നോട്ടുകെട്ടുകളാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. വീട് വൃത്തിയാക്കുന്നതിനിടെ 2000 രൂപയുടെ ഒരു കെട്ടി കിട്ടി എന്നാണ് യുവതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
2000 രൂപയുടെ നോട്ട് ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ല. ഈ നോട്ടിന്റെ അച്ചടി ആര്‍ബിഐ നേരത്തെ നിര്‍ത്തിവച്ചതുമാണ്. 2000 രൂപാ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ബാങ്കുകളിലെത്തി മാറ്റിയെടുക്കാനുള്ള അവസരം നേരത്തെ നല്‍കിയിരുന്നു. എന്നിട്ടും കോടികളുടെ 2000 നോട്ടുകള്‍ ഇനിയും തിരിച്ചെത്തിയില്ല എന്നാണ് ആര്‍ബിഐ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട്. ഈ വേളയിലാണ് യുവതിയുടെ പുതിയ പോസ്റ്റ് ചര്‍ച്ചയാകുന്നത്...

ദീപാവലിയോട് അനുബന്ധിച്ച് വീട് വൃത്തിയാക്കുന്നതിനിടെ 2000 രൂപയുടെ കെട്ട് കിട്ടി എന്നാണ് യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 2000 രൂപയുടെ 100 നോട്ടുകളാണുള്ളത്. അതായത്, രണ്ട് ലക്ഷം രൂപ. പഴയ ഡിടിഎച്ച് സെറ്റ് ടോപ്പ് ബോക്‌സിലാണ് ഈ പണം കണ്ടെത്തിയത്. അച്ഛന്‍ സൂക്ഷിച്ചുവച്ചതാകാമെന്നും ഇനിയെന്ത് ചെയ്യുമെന്നും യുവതി റെഡ്ഡിറ്റില്‍ എഴുതിയ കുറിപ്പില്‍ ചോദിക്കുന്നു. പണം മാറിയെടുക്കാനുള്ള ഉപായവും അവര്‍ തിരക്കി.
നോട്ടിന്റെ ചിത്രം യുവതി പങ്കുവച്ചിട്ടുണ്ട്. അമ്മയ്ക്കാണ് കിട്ടിയതത്രെ. ചില നോട്ടുകള്‍ക്ക് അല്‍പ്പം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വിഷയം വലിയ ചര്‍ച്ചയായി. ഇനിയൊന്നും ചെയ്യാന്‍ പറ്റില്ല എന്നാണ് ചിലരുടെ പ്രതികരണം. അച്ഛന്റെ ദീപാവലി സമ്മാനമാണിത് എന്ന് മറ്റൊരാള്‍. അനേകം കമന്റുകള്‍ വന്നുകഴിഞ്ഞു.
2023ല്‍ പിന്‍വലിച്ചെങ്കിലും വഴിയുണ്ട്
2016ലെ നോട്ട് നിരോധനത്തിന് ശേഷം വിപണിയിലെത്തിയതാണ് 2000 രൂപ നോട്ട്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച ശേഷമായിരുന്നു 2000ത്തിന്റെ വരവ്. ഉയര്‍ന്ന മൂല്യമുള്ള ഒറ്റനോട്ടുകള്‍ വിപണിക്ക് തിരിച്ചടിയാണ് എന്ന് അന്നുതന്നെ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2023ലാണ് റിസര്‍വ് ബാങ്ക് ഔദ്യോഗികമായി 2000 രൂപ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.
2000 രൂപ കൈവശമുള്ളവര്‍ക്ക് ബാങ്കില്‍ കൊടുത്ത് മാറിയെടുക്കാന്‍ സമയം അനുവദിച്ചിരുന്നു. ഒരു ദിവസം 20000 രൂപ വരെ മാറ്റികൊടുത്തു. എന്നാല്‍ സമയ പരിധി കഴിഞ്ഞിട്ടും 2000 നോട്ടുകള്‍ പൂര്‍ണമായി റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തിയില്ല. ഇനിയും പണം എത്താനുണ്ട് എന്നാണ് ഏറ്റവും ഒടുവില്‍ റിസര്‍വ് ബാങ്ക് ഇറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2000 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ഇപ്പോഴും മാറിയെടുക്കാന്‍ അവസരമുണ്ട് എന്നാണ് യുവതിയുടെ കുറിപ്പിന് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ഓഫീസില്‍ പോയാന്‍ പരിഹാരമുണ്ടാകുമെന്നാണ് പറയുന്നത്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ ചില ബ്രാഞ്ചുകളില്‍ നല്‍കിയാല്‍ തുല്യമായ തുക ബാങ്ക് അക്കൗണ്ടിലെത്താന്‍ വഴിയുണ്ട് എന്നും കമന്റുകളുണ്ട്.












Click it and Unblock the Notifications