പ്രവാസിയുടെ നഗ്നവീഡിയോ എടുക്കാന്‍ ശ്രമിച്ച് കൊലപ്പെടുത്തി; യുവതിയും കാമുകനും അറസ്റ്റില്‍
മൊഹാലി: പ്രവാസി ഇന്ത്യക്കാരന്‍ കൊലചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് പഞ്ചാബിലെ മൊഹാലിയില്‍ യുവതിയും കാമുകനും അറസ്റ്റിലായി. നാല്‍പ്പത്തിയഞ്ചുകാരനായ സുര്‍ജിത് സിങ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഇയാളുടെ വീട്ടില്‍ നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്ന ഗുര്‍പ്രീത് കൗര്‍, കാമുകന്‍ പര്‍മീന്ദര്‍ സിങ് എന്നിവരാണ് പിടിയിലായത്.
ലുധിയാന സ്വദേശിനിയായ യുവതി കൊലപാതകക്കുറ്റം പോലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മയക്കുമരുന്നിന് അടിമയായ യുവതി 25,000 സുര്‍ജിത് സിങ്ങിന് നല്‍കാനുണ്ടായിരുന്നു. ഇയാള്‍ പണം തിരിച്ചു ചോദിച്ചതോടെ പ്രവാസിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നു പരിപാടി. ഒപ്പം നിര്‍ത്തി നഗ്നചിത്രമെടുത്തശേഷം ഭീഷണിപ്പെടുത്താമെന്നായിരുന്നു കരുതിയതെന്ന് യുവതി പറഞ്ഞു.

എന്നാല്‍, കാമുകനൊപ്പം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ സുര്‍ജിത് സിങ് കൊല്ലപ്പെട്ടതോടെ മൃതദേഹം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നെന്നും യുവതിയുടെ മൊഴിയിലുണ്ട്. പ്രതികള്‍ ഇരുവരും മയക്കുമരുന്നിന് അടിമകളും മയക്കുമരുന്ന് വ്യാപാരവുമായി ബ്ന്ധമുള്ളവരുമാണെന്ന് പോലീസ് പറഞ്ഞു. സിസിടിവി ക്യാമറ ദൃശ്യത്തില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് വ്യാപാരം നടക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പഞ്ചാബില്‍ വര്‍ദ്ധിച്ചുവരികയാണ്.












Click it and Unblock the Notifications