മെട്രോ യാത്രയ്ക്കിടെ ബാഗ് മോഷ്ടിച്ച ഇരുപതുകാരിയെ പിടികൂടി
ദില്ലി: ദില്ലി മെട്രോ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് ബാഗ് മോഷ്ടിച്ച് കടന്നുകളഞ്ഞ ഇരുപതികാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈയ്യോടെ പിടികൂടി. ഛത്പുര്‍ സ്റ്റേഷനില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. 30 വയസുള്ള സ്ത്രീയുടെ ബാഗാണ് കവര്‍ന്നെടുത്തത്. മെട്രോ സ്‌റ്റേഷനില്‍ വെച്ച് എക്‌സറെ സ്‌കാനറിന് വിട്ടു നല്‍കിയ ബാഗ് കാണാതായെന്നായിരുന്നു ഇവരുടെ പരാതി.
സിഐഎസ്എഫിന് നല്‍കിയ പരാതിയെ തുടര്‍ന്ന് ഉടന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മറ്റൊരു യുവതി ബാഗുമായി കടന്നുകളയുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സ്‌കാനറില്‍ നിന്നും ബാഗെടുത്ത സ്ത്രീ എംജി സ്റ്റേഷനില്‍ ഇറങ്ങിയതായും കണ്ടെത്തി. സ്‌റ്റേഷനില്‍ ഉടന്‍ വിവരം നല്‍കിയതോടെ സ്ത്രീയെ കൈയ്യോടെ പിടികൂടുകയും ചെയ്തു.

ഗുഡ്ഗാവ് സ്വദേശിനിയാണ് പിടിയിലായ പെണ്‍കുട്ടി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും മെട്രോയില്‍ നേരത്തെ നടന്ന പല മോഷണങ്ങളിലും ഇവര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായി സിഐഎസ്എഫ് പറഞ്ഞു. യുവതിയെ പിന്നീട് ദില്ലി പോലീസിന് കൈമാറി. പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
മെട്രോയില്‍ നടക്കുന്ന ഭൂരിഭാഗം മോഷങ്ങള്‍ക്കും പിറകില്‍ സ്ത്രീകളാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംശയം തോന്നാത്ത തരത്തില്‍ നല്ലരീതിയില്‍ വസ്ത്രം ധരിച്ചുവരുന്ന ഇവര്‍ മോഷണം നടത്തി രക്ഷപ്പെടുകയാണ് പതിവ്. കുട്ടികളുമായി എത്തി മോഷണം നടത്തുന്ന രീതിയും സ്ത്രീകളില്‍ സാധാരണമാണെന്ന് ദില്ലി പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications