ഹണി ട്രാപ്പിൽ പെടുത്തി യുവാവിന് പണി.. 23 കാരി കവർന്നിട്ട് പോയത് ഐഫോണും ബൈക്കും മറ്റ് പലതും!!!
ദില്ലി: ഹണി ട്രാപ്പിൽ പെടുത്തി യുവാവില്‍ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത 23കാരിയെ പോലീസ് പിടികൂടി. ജൂണ്‍ 25 നാണ് യുവാവിന്റെ പരാതിയെത്തുടർന്ന് പോലീസ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. ദില്ലിയിലെ മാനസസരോവർ ഗാർഡൻ സ്വദേശിയാണ് പരാതിക്കാരനായ യുവാവ്. അവിചാരിതമായി വഴിയിൽ വെച്ച് പരിചയപ്പെട്ട യുവതിയാണ് യുവാവിൽ നിന്നും വിലപ്പെട്ട വസ്തുക്കളും പണവും കവർന്ന് കടന്നുകളഞ്ഞത്.
യുവതിയുടെ തുറന്നുള്ള സംസാരവും പെരുമാറ്റവും കണ്ടാണ് താൻ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത് എന്ന് പരാതിക്കാരൻ പോലീസിനോട് പറഞ്ഞു. യുവതിയുടെ കൂടി സമ്മതത്തോടെയായിരുന്നു ഇത്. എന്നാൽ 12000 രൂപ, ഐ ഫോൺ, സ്കൂട്ടർ തുടങ്ങിയവ തട്ടിയെടുത്ത് യുവതി കടന്നുകളയുകയായിരുന്നു എന്ന് പരാതിക്കാരൻ പറഞ്ഞതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിജയ് കുമാർ പറഞ്ഞു.

ജൂൺ 23നാണ് കീർത്തി നഗർ പോലീസ് സ്റ്റേഷനില്‍ യുവാവ് പരാതിയുമായി എത്തിയത്. വീട്ടിലെത്തിയ ശേഷം യുവതിയും താനും മദ്യപിച്ചിരുന്നു എന്ന് പരാതിക്കാരൻ പറഞ്ഞു. രാവിലെ ഉണർന്ന് നോക്കിയപ്പോഴാണ് പണവും മൊബൈൽ ഫോണും സ്കൂട്ടറിന്റെ കീയും മറ്റ് വിലപിടിച്ച വസ്തുക്കളും നഷ്ടപ്പെട്ടതായി മനസിലാക്കിയത്. സി സി ടി വി ക്യാമറയിൽ നിന്നും കിട്ടിയ ഫോട്ടോകളുടെ സഹായത്തോടെയാണ് പോലീസ് യുവതിയെ കണ്ടെത്തിയത്.
നഷ്ടപ്പെട്ട ഐ ഫോൺ ട്രാക്ക് ചെയ്തതും ഉപകാരമായി. ഫോൺ ട്രാക്ക് ചെയ്ത സ്ഥലത്തെ സി സി ടി വി ക്യാമറകളിൽ ജീൻസും ടീഷർട്ടും ധരിച്ച് മുടി ബോബ് ചെയ്ത ഒരു യുവതിയെ പോലീസ് കണ്ടെത്തി. ഈ യുവതിയെ പരാതിക്കാരൻ തിരിച്ചറിയുകയും ചെയ്തു. രഘുബീർ നഗറിലെ വീട്ടിൽ നിന്നുമാണ് യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവർ കൂടുതൽ ആരെയെങ്കിലും ഇതുപോലെ പറ്റിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.












Click it and Unblock the Notifications