ആദ്യം അമ്മായി അമ്മയെ കൊന്ന് വെട്ടി നുറുക്കി, പിന്നാലെ ഭർത്താവിനേയും, ഞെട്ടിക്കുന്ന കൊല, യുവതി അറസ്റ്റിൽ
ഭര്‍ത്താവിനേയും അമ്മായി അമ്മയേയും കാണാനില്ലെന്ന് ബന്ദന പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഗുവാഹട്ടി: ദില്ലിയിലെ ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തിന്റെ നടുക്കം മാറുന്നതിന് മുന്‍പ് അസമിലെ ഗുവാഹട്ടിയില്‍ നിന്നും അതിക്രൂരമായ ഇരട്ട കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവിനേയും അമ്മായി അമ്മയേയും കൊലപ്പെടുത്തിയ കുറ്റത്തിന് 32കാരിയായ ബന്ദന കലിതയെ പോലീസ് അറസ്റ്റ് ചെയ്തു. ജിം പരിശീലകയായ ബന്ദന സുഹൃത്തുക്കളായ രണ്ട് പേരുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത് എന്ന് പോലീസ് പറയുന്നു.
ബന്ദനയുടെ ഭര്‍ത്താവ് അമര്‍ജ്യോതി ദേയ്, അമ്മ ശങ്കരി ദേയ് എന്നിവരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ദന്തി കലിത, അരൂപ് ദാസ് എന്നിവരാണ് കൊലപാതകത്തിന് ബന്ദനയെ സഹായിച്ചവരെന്ന് പോലീസ് പറയുന്നു. ഇതില്‍ ദന്തി കലിത ബന്ദനയുടെ കാമുകന്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല ചെയ്തതിന് ശേഷം ഇവരുടെ സഹായത്തോടെ ബന്ദന മൃതദേഹങ്ങള്‍ കഷണങ്ങളാക്കി വെട്ടി നുറുക്കി. ശേഷം മൂന്ന് പേരും ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കുന്നതിന് വേണ്ടി ദന്തിയുടെ കാറില്‍ തൊട്ടടുത്ത മേഘാലയയിലേക്ക് പോയി. കുന്നിന്‍ പ്രദേശത്താണ് മൃതദേഹ ഭാഗങ്ങള്‍ പ്രതികള്‍ ഉപേക്ഷിച്ചത് എന്ന് പോലീസ് വ്യക്തമാക്കി.

കൊലപാതകം നടത്തിയ ശേഷവും യാതൊരു കൂസലും ഇല്ലാതെ സാധാരണ ജീവിതമായിരുന്നു ബന്ദന നയിച്ചിരുന്നത്. ഭര്‍ത്താവിനേയും അമ്മായി അമ്മയേയും കൊന്നവ നരേംഗിയിലെ അതേ വീട്ടില്‍ വെച്ച് ബന്ദന സത്യനാരായണ്‍ പൂജ നടത്തി. കൊലപാതകം നടത്തി രണ്ട് മാസങ്ങള്‍ക്കിപ്പുറം ഒക്ടോബറില്‍ ആയിരുന്നു പൂജ. ബന്ദനയുടെ മാതാപിതാക്കളും പൂജയില്‍ പങ്കെടുത്തിരുന്നു. മാത്രമല്ല ബന്ദന ഈ വീട്ടില്‍ ചില അറ്റകുറ്റപ്പണികള്‍ കൂടി നടത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.
ബന്ദന ആദ്യം അമ്മായി അമ്മയെ ആയിരുന്നു കൊലപ്പെടുത്തിയത്. ജൂലൈ 26ന് ആയിരുന്നു അത്. ജുഗമായ അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ളാറ്റില്‍ തനിച്ചായിരുന്നു ശങ്കരി ദേയ് താമസിച്ചിരുന്നത്. ഗുവാഹട്ടിയിലെ ചന്ദ്മാരി ഏരിയയിലുളള ഈ ഫ്‌ളാറ്റില്‍ വെച്ചായിരുന്നു ബന്ദന അമ്മായി അമ്മയെ കൊലപ്പെടുത്തിയത്. ബന്ദനയും അരൂപും ചേര്‍ന്ന് ആദ്യം തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചും തലയ്ക്ക് അടിച്ചുമാണ് ശങ്കരിയെ കൊന്നത്. ശേഷം മൃതദേഹം അഞ്ച് കഷണങ്ങളാക്കി നുറുക്കി പോളിത്തീന്‍ സഞ്ചികളിലേക്ക് മാറ്റി.. ഈ സമയത്തെല്ലാം ദന്തി ഫ്‌ളാറ്റിന് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു.
തുടര്‍ന്ന് തൊട്ടടുത്ത ദിവസമായ ജൂലൈ 27ന് മൂവരും പോളിത്തീന്‍ കവറുകളുമായി ദന്തിയുടെ ഹ്യൂണ്ടായി കാറില്‍ മേഘാലയയിലെ ചിറാപ്പുഞ്ചിയിലേക്ക് പോയി. ആഗസ്റ്റ് 17നാണ് ഇതേ സംഘം അമര്‍ജ്യോതി ദേയേയും കൊലപ്പെടുത്തിയത്. തലയ്ക്ക് ഇരുമ്പ് വടി കൊണ്ട് അടിച്ചായിരുന്നു കൊലപാതകം. ശങ്കരിയുടേതിന് സമാനമായ രീതിയില്‍ മൃതദേഹം കഷണങ്ങളാക്കി പോളി്ത്തീന്‍ കവറില്‍ നിറച്ച് ഉപേക്ഷിക്കുകയായിരുന്നു. അതിനിടെ ശങ്കരിയുടെ അക്കൗണ്ടില്‍ നിന്നും ബന്ദന പണം പിന്‍വലിക്കുകയും ശങ്കരിയുടെ സഹോദരന്‍ പണം തട്ടിയെന്ന് പരാതിപ്പെടുകയും ചെയ്തതോടെയാണ് പോലീസിന് സംശയം ശങ്കരിയിലേക്ക് തിരഞ്ഞത്. ബന്ദനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ നടുക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നു.












Click it and Unblock the Notifications