10 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാറില്‍ നിന്ന് എറിഞ്ഞു കൊന്നു; അമ്മയെ കൂട്ടബലാല്‍സംഗം ചെയ്തു
മുംബൈ: ഞെട്ടിപ്പിക്കുന്ന സംഭവമാണ് മഹാരാഷ്ട്രയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്ത് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാറില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞുകൊന്ന് അമ്മയെ കൂട്ടബലാല്‍സംഗം ചെയ്തു എന്നാണ് വാര്‍ത്ത. മഹാരാഷ്ട്രയിലെ പല്‍ഘാര്‍ ജില്ലയില്‍ മുംബൈ-അഹമ്മദാബാദ് ഹൈവേയിലാണ് സംഭവം. ക്രൂരമായി പീഡിപ്പിച്ച ശേഷം യുവതിയെയും കാറില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. ഗുരുതരമായ പരിക്കുകളോടെ ചികില്‍സയിലാണവര്‍ എന്ന് പോലീസ് പറഞ്ഞു. കേസ് എടുത്ത് അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.

യുവതിയും മകളും പെല്‍ഹാറില്‍ നിന്ന് പോഷേരിയിലേക്ക് വരികയായിരുന്നു. കാറില്‍ മറ്റു ചില യാത്രക്കാരുമുണ്ടായിരുന്നു. ഡ്രൈവറും യാത്രക്കാരും പിന്നീട് യുവതിയെ ശല്യം ചെയ്തു. എതിര്‍ത്തതോടെ കുഞ്ഞിനെ പിടിച്ചുവാങ്ങി കാറില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ കുഞ്ഞ് മരിച്ചു.
ശേഷം കാറില്‍ വച്ച് യുവതിയെ എല്ലാവരും പീഡിപ്പിച്ചു. കുറച്ച് ദൂരം പോയ ശേഷം കാറില്‍ നിന്ന് പുറത്തേക്ക് തള്ളി. പരിക്കുകളോടെ യുവതി ആശുപത്രിയിലാണ്. മന്ദവി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി പരിശോധിച്ചുവരികയാണ് പോലീസ്. കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ 47കാരന് പല്‍ഘാറിലെ ജില്ലാ കോടതി 10 വര്‍ഷം കഠിന തടവിന് വിധിച്ചത് കഴിഞ്ഞാഴ്ചയാണ്. ഏഴ് വയസുള്ള വേളയില്‍ 2016ലാണ് പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചത്. പെണ്‍കുട്ടിയും പ്രതിയും ഒരേ പ്രദേശത്തെ താമസക്കാരായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലി ചെയ്യുകയാണ്.
വെള്ളമെടുക്കാന്‍ അമ്മ പുറത്തേക്ക് പോയ വേളയില്‍ പെണ്‍കുട്ടി തനിച്ചാണ് എന്ന് മനസിലാക്കിയ പ്രതി വീട്ടിലെത്തുകയായിരുന്നു. ബലമായി പ്രതിയുടെ വീട്ടിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കഠിനമായ വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. ശേഷം പോലീസില്‍ പരാതിപ്പെട്ടു. പ്രതിയെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തി ശിക്ഷിക്കുകയായിരുന്നു.












Click it and Unblock the Notifications