'അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ നൽകി'; ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം
ലഖ്നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ മർദ്ദനം. മൊളിറ്റിക്സ് എന്ന ഓൺലൈൻ മാധ്യമത്തിലെ രാഘവ് ത്രിവേദിയെ ആണ് ബി ജെ പി പ്രവർത്തകർ മർദ്ദിച്ചത്. ആക്രമി സംഘം താൻ മുസ്ലീം ആണെന്ന് തെറ്റിധരിച്ചെന്നും രാഘവ് പറഞ്ഞു. യുപിയിലെ റായ്ബറേലിയിലാണ് സംഭവം. ആക്രമത്തിൽ പരിക്കേറ്റ രാഘവിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റാലിക്കെത്തിയ സ്ത്രീകളോട് ചോദിച്ചപ്പോൾ പങ്കെടുക്കാൻ 100 രൂപ നൽകിയെന്നും ഷാ ആരാണെന്ന് അറിയില്ലെന്നും പറഞ്ഞു. ഈ ആരോപണം സംബന്ധിച്ച് ബിജെപി പ്രവർത്തകരോട് ചോദിച്ചപ്പോൾ അവർ തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് രാഘവ് പറഞ്ഞതായി ദി വയർ റിപ്പോർട്ട് ചെയ്തു.

ചിത്രം-മൊളിറ്റിക്സ് എക്സിൽ പങ്കിട്ട വീഡിയോയിൽ നിന്ന്
'തുടക്കത്തിൽ അവർ ആരോപണം നിഷേധിച്ചു. സ്ത്രീകൾ പറഞ്ഞതിന്റെ റെക്കോഡ് തന്റെ കൈയ്യിൽ ഉണ്ടെന്ന് പറഞ്ഞതോടെ ഒരു സംഘം എന്നെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൊണ്ടുപോകുകയും റെക്കോഡിംഗ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. വിസമ്മതിച്ചപ്പോൾ, അവർ എന്നെ ആക്രമിക്കാൻ തുടങ്ങി... പോലീസിനോടും സമീപത്തുള്ളവരോടും സഹായത്തിനായി ഞാൻ അഭ്യർത്ഥിച്ചു, പക്ഷേ ആരും ഇടപെട്ടില്ല. മർദ്ദനത്തിൽ തന്റെ ബോധം നഷ്ടപ്പെട്ടു. ബോധം വന്നപ്പോൾ ഞാൻ ആശുപത്രിയിലായിരിന്നു', രാഘവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
തന്നെ മുസ്ലീമാണെന്ന് ആക്രമിക്കൂട്ടം കരുതിയിരുന്നുവെന്നും രാഘവ് പറഞ്ഞു. 'മർദ്ദിക്കരുതെന്ന് താൻ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. 50 ഓളം പേരാണ് ഉണ്ടായിരുന്നത്. 'മുല്ല' എന്ന് വിളിച്ചാണ് അവർ തന്നെ ആക്രമിച്ചത്', രാഘവ് പറഞ്ഞു.
അതേസമയം ത്രിവേദിയുടെ സഹപ്രവർത്തകനും ക്യാമറാമാനുമായ സഞ്ജീത് സാനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി സെക്ഷൻ 147 (കലാപം), 323 (ബോധപൂർവ്വം മുറിവേൽപ്പിക്കൽ), 504 (സമാധാനം നശിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ബോധപൂർവ്വമായ ആക്രമണം) എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടി.
അതേസമയം സംഭവത്തിൽ ബിജെപിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. തോൽക്കുമെന്ന് തിരിച്ചറിഞ്ഞതിന്റെ നിരാശയിലാണ് ബിജെപി പ്രവർത്തകർ എന്നതിന്റെ സൂചനയാണിത്. ഈ അനീതി വൈകാതെ തന്നെ അവസാനിക്കും', കോൺഗ്രസ് എക്സിൽ കുറിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുകയാണെന്നും "ആക്രമികൾക്കെതിരെ കർശനമായ നടപടി ഉറപ്പാക്കാൻ ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനോടും പ്രാദേശിക അധികാരികളോടും അഭ്യർത്ഥിക്കുകയാണെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications