ഉന്നാവ് പ്രതിഷേധത്തിനിടെ ആറു വയസുകാരി മകളുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു, അമ്മ കസ്റ്റഡിയിൽ
ദില്ലി: ഉന്നാവ് സംഭവത്തിൽ നടന്ന പ്രതിഷേധത്തിനിടെ ആറു വയസുകാരിയായ മകളുടെ ശരീരത്തിൽ അമ്മ പെട്രോൾ ഒഴിച്ചു. ഉന്നാവ് പെൺകുട്ടിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിലെ സഫ്ദാർജംഗ് ആശുപത്രിക്ക് പുറത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം.
സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് പെൺകുട്ടിയെ രക്ഷപെടുത്തി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മകളുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച സ്ത്രീയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പോസ്റ്റ് മോർട്ടത്തിന് ശേഷം ഉന്നാവ് പെൺകുട്ടിയുടെ മൃതദേഹം ദില്ലിയിൽ നിന്നും ഉത്തർപ്രദേശിലേക്ക് കൊണ്ടുപോയതിന് പിന്നാലെയായിരുന്നു സംഭവം.

ഉന്നാവ് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ ദില്ലി സഫ്ദർജങ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ശനിയാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ ഗ്രാമമായ ഉന്നാവിലേക്ക് കൊണ്ടുപോയി.
പീഡനത്തിന് ഇരയാക്കിയ 2 പേർ ഉൾപ്പെടെ 5 പേർ ചേർന്ന് പെൺകുട്ടിയെ തീകൊളുത്തുകയായിരുന്നു. കൂട്ട മാനംഭംഗത്തിന് ഇരയാക്കിയവർക്കെതിരെ പെൺകുട്ടി പരാതി നൽകിയതിനെ തുടർന്നായിരുന്നു ക്രൂരകൃത്യം. സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തു. കേസ് അതിവേഗ കോടതി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.












Click it and Unblock the Notifications