ആദ്യം ജോലി; ദീപാവലിയും കല്യാണവുമൊക്കെ പിന്നെ; നാട്ടിലേക്കു മടങ്ങാനാകാതെ യുഎസിലെ ഇന്ത്യന്‍ ടെക്കികള്‍
അമേരിക്കയില്‍ ഇന്ത്യക്കാരടക്കമുള്ള വിദേശ തൊഴിലാളികള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം കൊണ്ടുവന്ന പുതിയ നിയമം എച്ച്-1ബി ഉടമകള്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തി വിട്ടിരിക്കുന്നത്. വിദേശ തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് വിസയായ എച്ച്-1ബി വിസയ്ക്ക് 88 ലക്ഷം രൂപ ഫീസ് ഏര്‍പ്പെടുത്തിയത് സാങ്കേതിക മേഖലയില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.
ചര്‍ച്ചകള്‍ക്കോ മതിയായ മുന്നൊരുക്കങ്ങള്‍ക്കോ സമയം കൊടുക്കാതെയാണ് ട്രംപ് എച്ച്-1ബി വിസ അപേക്ഷയ്ക്കുള്ള ഫീസ് കുത്തനെ ഉയര്‍ത്തിയത്. ഇത് അമേരിക്കയിലെ ഇന്ത്യയിലെയും സാങ്കേതിക മേഖലയില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. നാളെയാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. ശരാശരി 2.5 ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയായിരുന്ന ഫീസാണ് ഒറ്റയടിക്ക് 88 ലക്ഷമായി ഉയര്‍ത്തിയത്.

ഇതോടെ ഇന്ത്യക്കാരെ നിയമിക്കാന്‍ ആഗ്രഹിക്കുന്ന യുഎസ് കമ്പനികള്‍ക്ക് ഇത് വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കും. മൈക്രോസോഫ്റ്റ് അടക്കമുള്ള ബഹുരാഷ്ട്ര ഐടി കമ്പനികള്‍ തങ്ങളുടെ ജീവനക്കാരോട് അമേരിക്കയില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു രാജ്യത്തേക്ക് പോയാല്‍ പുതിയ നിയമപ്രകാരം തിരിച്ചുവരാന്‍ കഴിയുമോ എന്ന ആശങ്കയാണ് ഇതിന് കാരണം. യുഎസിന് പുറത്തുള്ള ജീവനക്കാരോട് അടിയന്തരമായി നാളെയ്ക്കുള്ളില്‍ തിരികെ എത്തണമെന്നും കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികളാണ് മൈക്രോസോഫ്റ്റും ഗൂഗിളും ആമസോണും ഒക്കെ. ട്രംപിന്റെ അപ്രതീക്ഷിത നടപടി മൂലം നാട്ടിലേക്ക് വരാനിരുന്ന നിരവധി ഇന്ത്യന്‍ എച്ച്-1ബി വിസ ഉടമകളുടെ യാത്രയാണ് അനിശ്ചിതത്വത്തില്‍ ആയത്.
യുഎസ് വിമാനത്താവളങ്ങളില്‍ ഇന്ത്യയിലേക്കുള്ള വിമാനം കാത്തിരുന്ന നിരവധി എച്ച്-1ബി വിസ ഉടമകളാണ് പുതിയ നിയമം അറിഞ്ഞ് തങ്ങളുടെ യാത്ര റദ്ദാക്കിയത്.
വിമാനത്താവളങ്ങളില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പവും ഉണ്ടായി. അവസാന നിമിഷം യാത്ര റദ്ദാക്കേണ്ടി വന്നതോടെ പലരും മാനസിക സമ്മര്‍ദ്ദത്തിലായി. അതില്‍ ഇന്ത്യയില്‍ എത്തി സ്വന്തം കല്യാണം നടത്താനിരുന്നവര്‍ മുതല്‍ ദീപാവലി ആഘോഷിക്കാന്‍ വരെ പ്ലാനിട്ടവര്‍ ഉണ്ടായിരുന്നു. ഇപ്പോഴും നിയമത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണ എച്ച്-1ബി ഉടമകള്‍ക്ക് ലഭിച്ചിട്ടില്ല.
ഇന്ത്യയിലേക്കു പോയാല്‍ തിരിച്ചെത്തുമ്പോള്‍ പുതിയ നിയമപ്രകാരമുള്ള പ്രക്രിയ എന്താണെന്നും ഫൈന്‍ അടയ്‌ക്കേണ്ടി വരുമോ എന്നൊന്നും അറിയില്ല. അതിനാല്‍ തന്നെ പലര്‍ക്കും വലിയ പരിഭ്രാന്തിയുണ്ട്. ജോലിയെക്കുറിച്ചുള്ള ഭാവി അനിശ്ചിതത്വത്തിലായതിനാല്‍ തന്നെ പലരും മനസില്ലാ മനസോടെ യുഎസില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.












Click it and Unblock the Notifications