ടിസിഎസില്‍ 5 വര്‍ഷമായി ജോലി; ശമ്പളം ഇപ്പോള്‍ 22,800 മാത്രം; ജീവനക്കാരന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു
ബെംഗളൂരു: ഇന്ത്യയില്‍ ഏറ്റവും ആകര്‍ഷണീയതയുള്ള പ്രൊഫഷണലുകളില്‍ ഒന്നാണ് ഐടി മേഖല. യൗവനത്തില്‍ തന്നെ അഞ്ചക്ക ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിരവധി ചെറുപ്പക്കാര്‍ ഐടി മേഖലയിലേക്കു കടക്കുന്നത്. വന്‍ തുക ശമ്പളത്തില്‍ നിരവധി ബഹുരാഷ്ട്ര കമ്പനികളില്‍ ഇന്ത്യന്‍ ചെറുപ്പക്കാര്‍ ജോലി ചെയ്യുന്നുമുണ്ട്. എന്നാല്‍ സാങ്കേതിക വിദ്യ പുരോഗമിക്കുന്തോറും സാഹചര്യങ്ങള്‍ മാറിമറിയുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ കടന്നു വരവോടെ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് ഐടി മേഖലയാണ്. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിരവധി പേരുടെ ജോലിയാണ് എഐ മൂലം നഷ്ടപ്പെട്ടത്. ഇതുകൂടാതെയാണ് അമിതമായ ജോലി സമ്മര്‍ദവും ശമ്പളത്തിലെ ഏറ്റക്കുറച്ചിലുകളും.
ഏതൊരു മേഖലയിലും പ്രവൃത്തിപരിചയം കൂടുമ്പോള്‍ ശമ്പളം വര്‍ദ്ധിക്കുക എന്നതാണ് പതിവ്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിലെ ഒരു ജീവനക്കാരന്റെ അനുഭവം നേരെ തിരിച്ചാണ്. 5.5 വര്‍ഷത്തെ സേവനത്തിന് ശേഷം തനിക്കു ലഭിക്കുന്ന ശമ്പളം ആദ്യം ലഭിച്ചതിനേക്കാള്‍ കുറവാണെന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലാണ് തന്റെ അനുഭവം ഇദ്ദേഹം വെളിപ്പെടുത്തിയത്.

ടിസിഎസില്‍ 2020-ല്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പ്രതിമാസം 25,000 രൂപയാണ് ലഭിച്ചിരുന്നത്. എന്നാല്‍ 2026-ല്‍ എത്തുമ്പോള്‍ ഇദ്ദേഹത്തിന് ലഭിക്കുന്നത് വെറും 22,800 രൂപയാണ്. മോശം പ്രകടനമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തിന്റെ ശമ്പളം കുറച്ചത്. ഐടി മേഖലയിലെ പുതിയ സാങ്കേതികവിദ്യകള്‍ പഠിക്കുന്നതിന് പകരം സര്‍ക്കാര്‍ ജോലിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ഇദ്ദേഹം. ഇതും പ്രകടനത്തെ ബാധിച്ചു. മോശം റേറ്റിങ്ങുള്ള ജീവനക്കാരുടെ പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരും എഴുതിച്ചേര്‍ത്തു.
പ്രകടനം മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തെ 'പെര്‍ഫോമന്‍സ് ഇംപ്രൂവ്മെന്റ് പ്ലാനില്‍' ഉള്‍പ്പെടുത്തി. ഇതോടെ ശമ്പള വര്‍ധന നിലയ്ക്കുകയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് 25,000 രൂപ എന്നത് കുറഞ്ഞ് 22,800 രൂപയായത്.
ഐടി മേഖലയിലാകെ നിലനില്‍ക്കുന്ന പിരിച്ചുവിടല്‍ ഭീതിയും ഈ സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്. മാറുന്ന സാങ്കേതിക വിദ്യയ്‌ക്കൊപ്പം സ്വയം മെച്ചപ്പെടാത്തവര്‍ക്ക് ഐടി മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതും സാധാരണക്കാരായ ജീവനക്കാരെ വലയ്ക്കുന്നുണ്ട്.
ടിസിഎസ് ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ പ്രകടനം മോശമായവരെയും പുതിയ സാങ്കേതിക വിദ്യയുമായി പൊരുത്തപ്പെടാത്തവരെയും ഒഴിവാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ശമ്പളം കുറഞ്ഞത് കാരണം മറ്റ് കമ്പനികളില്‍ അഭിമുഖം വിജയിച്ചാലും, ശമ്പള സര്‍ട്ടിഫിക്കറ്റ് കാണുമ്പോള്‍ എച്ച്ആര്‍ വിഭാഗം സംശയിക്കുകയും ജോലി നിഷേധിക്കുകയും ചെയ്യുന്നുവെന്നും ഈ ജീവനക്കാരന്‍ പരാതിപ്പെടുന്നു. കേവലം ജോലിയില്‍ തുടരുന്നത് കൊണ്ട് മാത്രം ഐടിയില്‍ സുരക്ഷിതരാകാന്‍ കഴിയില്ലെന്നും, നിരന്തരമായ അപ്‌ഡേഷന്‍ ഇല്ലെങ്കില്‍ ശമ്പളം കുറയാനോ ജോലി നഷ്ടപ്പെടാനോ സാധ്യതയുണ്ടെന്നും ഈ സംഭവം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.












Click it and Unblock the Notifications