മകന്‍ ഗൂഗിളില്‍ എഞ്ചിനീയര്‍; അച്ഛന്‍ കൂലിപ്പണിക്കാരന്‍; രാജസ്ഥാനില്‍ നിന്നും ഒരു അപൂര്‍വ കഥ
ജയ്പുര്‍: ഐടി മേഖലയില്‍ വമ്പന്‍ തൊഴിലവസരങ്ങള്‍ വന്നതോടെ ഇന്ത്യയിലെ കുഗ്രാമങ്ങളില്‍ നിന്നുപോലും അമേരിക്കയില്‍ വന്‍കിട കമ്പനികളില്‍ ജോലി ചെയ്യുന്ന വിദഗ്ധര്‍ സാധാരണ സംഭവമായി മാറിയിട്ടുണ്ട്. ഇത്തരത്തില്‍ അമേരിക്കയില്‍ ഗുഗിള്‍ ആസ്ഥാനത്ത് ജോലി ചെയ്യുന്ന രാജസ്ഥാനിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള യുവ എഞ്ചിനീയര്‍ ദേശീയ മാധ്യമങ്ങളില്‍ ശ്രദ്ധാകേന്ദ്രമാവുകയാണ്.
രാജസ്ഥാനിലെ സോജത് ടൗണിനടുത്തുള്ള ഗ്രാമവാസിയാണ് ഇരുപത്തിയാറുകാരനായ രാം ചന്ദ്ര. ഗൂഗിളില്‍ ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന യുവാവിന്റെ പിതാവ് ഇപ്പോഴും കൂലിപ്പണിക്കാരനാണ്. രാം ചന്ദ്രയുടെ പിതാവ് തേജാറാം(50) ഹന്ന ലോഡിങ് തൊഴിലാളിയാണ്. ഹെയര്‍ ഡൈ ഉണ്ടാക്കാനായി ഹന്ന കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ പ്രധാന സ്ഥലമാണ് സോജത്.

ഇവിടെ ദിവസക്കൂലിക്കാരനായ തേജാറാമിന് ദിവസം 100-400 രൂപവരെയാണ് കൂലി. മകന്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനായെങ്കിലും തന്റെ ജോലി ഉപേക്ഷിക്കാന്‍ തയ്യാറല്ല. നേരത്തെ കൂലിപ്പണിക്കാരിയായ രാം ചന്ദ്രയുടെ അമ്മ ഇപ്പോള്‍ ജോലി ഉപേക്ഷിച്ചു. രാം തേജ തന്റെ ശമ്പളം ഉപയോഗിച്ച് വാങ്ങിയ ഒന്നര ഏക്കര്‍ സ്ഥലം നോക്കി നടത്തുകയാണ് ഇപ്പോള്‍ അമ്മ.
രാജസ്ഥാനിലെ കോട്ടയിലെ എഞ്ചിനീയറിങ് പരിശീലന കേന്ദ്രത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പരിശീലനം നടത്തുകയും പിന്നീട് ഐഐടി പ്രവേശനം നേടി ഉയര്‍ന്ന ഉദ്യോഗം കരസ്ഥമാക്കുകയുമായിരുന്നു രാം തേജ. സാമ്പത്തികമായി സുരക്ഷിതത്വം നേടിയ ശേഷം നാട്ടിലെത്തി സാമൂഹ്യ പ്രവര്‍ത്തനം നടത്താനാണ് രാം തേജയുടെ ഇപ്പോഴത്തെ ആഗ്രഹം.












Click it and Unblock the Notifications