'ഇന്ത്യയുടെ വനവിസ്തൃതി വര്‍ധിക്കുന്നു'; പരിസ്ഥിതി സംരക്ഷണം രാജ്യത്തിന്റെ വളര്‍ച്ചക്ക് പ്രധാനമെന്ന് മോദി
ന്യൂഡല്‍ഹി: മറ്റേതൊരു മേഖലയേയും പോലെ പരിസ്ഥിതിയും രാജ്യത്തിന്റെ വളര്‍ച്ചക്ക് പ്രധാനമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോഴത്തേയും ഭാവി തലമുറയുടെയും ആവശ്യങ്ങള്‍ സന്തുലിതമാക്കുന്നതിനൊപ്പം പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും സംരക്ഷിക്കുന്നതിനുള്ള വ്യക്തമായ മാര്‍ഗരേഖയും രാജ്യത്തിനുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് മുക്തി നേടുക എന്നതാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. ഈ വിഷയത്തെ കുറിച്ചാണ് ലോകം ഇന്ന് സംസാരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി ഇന്ത്യ ഇതില്‍ ഊന്നിയാണ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. 2018 ല്‍ തന്നെ, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് മുക്തി നേടുന്നതിനായി രാജ്യം രണ്ട് തലങ്ങളില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നു.

'ഒരു വശത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ചു. മറുവശത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം നിര്‍ബന്ധമാക്കുകയും ചെയ്തു', പ്രധാനമന്ത്രി പറഞ്ഞു. 4ജി, 5ജി നെറ്റ്‌വര്‍ക്കുകളുടെ കവറേജ് വിപുലീകരിക്കുന്നതില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. രാജ്യത്തെ വനവിസ്തൃതി വര്‍ധിപ്പിക്കുന്നതിലും സമാനമായ ശ്രദ്ധയാണ് തങ്ങള്‍ ചെലുത്തുന്നത് എന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
ഭാവിയിലെ ഇന്ധന ആവശ്യങ്ങളെ കുറിച്ചും രാജ്യത്തിന് കൃത്യമായ ധാരണയുണ്ട്. അതിനാലാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ രാജ്യം ഹരിതോര്‍ജത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സൗഹൃദ സമീപനം സ്വീകരിക്കാനും ഹരിത ഭാവി കെട്ടിപ്പടുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ആഹ്വാനം ചെയ്തു.
' നമ്മളെല്ലാവരും ഭൂമി ദേവിയുടെ മക്കളാണ്. ഈ പരിസ്ഥിതി ദിനത്തില്‍ ഇക്കാര്യം മറന്ന് പോകരുത്. നമ്മുടെ ആവശ്യങ്ങള്‍ എപ്പോഴും നിറവേറ്റുന്ന പ്രകൃതിക്ക് തിരികെ കരുതല്‍ നല്‍കേണ്ട സമയമാണിത്. നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പരിസ്ഥിതി സൗഹൃദ സമീപനം സ്വീകരിക്കണം' എന്നും രാഷ്ട്രപതി പറഞ്ഞു.
ശുദ്ധവും ജൈവവൈവിധ്യ സമ്പന്നവും മനോഹരവുമായ ഒരു ഭൂമിയെ ഭാവി തലമുറക്ക് സമ്മാനിക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ് എന്നും ദ്രൗപതി മുര്‍മു ഓര്‍മിപ്പിച്ചു. 1973 മുതല്‍ ആണ് ലോക പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയത്. എല്ലാ വര്‍ഷവും ജൂണ്‍ 5 ന് ആണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്.












Click it and Unblock the Notifications