കാശ്മീര്‍ സംഘര്‍ഷം; ഇന്ത്യയുടെ വാദം ലോകം തള്ളിയതാണെന്ന് പാക്കിസ്ഥാന്‍
ദില്ലി: രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ സംഭവത്തിനുശേഷം ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധം വീണ്ടും ഉലയുകയാണ്. അതിര്‍ത്തിയിലെ രൂക്ഷമായ വെടിവെയ്പിനിടെ ഇരു രാജ്യങ്ങളിലെയും പ്രമുഖര്‍ വാക്‌പോരും നടത്തുന്നുണ്ട്. പാക്കിസ്ഥാന്റെ വിദേശകാര്യ ഉപദേശകന്‍ സര്‍താജ് അസീസ് ആണ് ഇക്കാര്യത്തില്‍ ഒടുവില്‍ പ്രതികരിച്ചിരിക്കുന്നത്.
കാശ്മീരില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സര്‍താജ് അസീസ് പറഞ്ഞു. പാക്കിസ്ഥാന്‍ ഇത് ആവര്‍ത്തിക്കുകയാണ്. കാശ്മീരില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുകയാണെന്ന ഇന്ത്യന്‍വാദം ലോകരാജ്യങ്ങള്‍ നേരത്തെ തള്ളിയതാണ്. പാക് നിലപാടാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ നിലപാടിനെ അസീസ് സ്വാഗതം ചെയ്തു. കാശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്നായിരുന്നു എര്‍ദോഗന്റെ വാഗ്ദാനം. മൂന്നാംകക്ഷിയെ പങ്കെടുപ്പിച്ച് കാശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തില്ലെന്ന ഇന്ത്യന്‍ നിലപാട് ശരിയല്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യ അര്‍ഥവത്തായ ചര്‍ച്ചകളെ അവഗണിക്കുകയാണെന്നും സര്‍താജ് ആരോപിച്ചു.
രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹമാണ് പാക്കിസ്ഥാന്‍ സൈന്യം കഴിഞ്ഞദിവസം വികൃതമാക്കിയത്. അതിര്‍ത്തികടന്നെത്തിയ പാക് സൈന്യം ഇന്ത്യന്‍ സൈനികരെ ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടിയില്‍ രണ്ട് പാക്കിസ്ഥാന്‍ പോസ്റ്റുകള്‍ തകര്‍ക്കുകയും ഏഴ് സൈനികരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications