സ്വർണം നിങ്ങളുടെ കണ്‍മുന്നിലുണ്ട്; കോരിയെടുക്കാം: ലോകത്തിലെ ഏറ്റവും വലിയ സ്വർണ നിക്ഷേപം ഇവിടെയാണ്
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. 370 മെട്രിക് ടണ്‍ സ്വർണമാണ് ചൈന കഴിഞ്ഞ വർഷം മാത്രം ഉത്പാദിപ്പിച്ചത്. 8300 കോടി യുഎസ് ഡോളർ മൂല്യം വരുന്ന സ്വർണ ശേഖരം അടുത്തിടെ ഹുവാന്‍ പ്രവിശ്യയില്‍ ചൈന കണ്ടെത്തിയിട്ടുമുണ്ട്. ചൈന കഴിഞ്ഞാല്‍ ഓസ്ട്രേലിയ (310 മെട്രിക് ടണ്‍), റഷ്യ (310 മെട്രിക് ടണ്‍) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
കാനഡ (200 മെട്രിക് ടണ്‍), അമേരിക്ക (170 മെട്രിക് ടണ്‍) കസാക്കിസ്ഥാന്‍ (130 മെട്രിക് ടണ്‍), മെക്സിക്കോ (120 മെട്രിക് ടണ്‍), ഇന്തോനേഷ്യ (110 മെട്രിക് ടണ്‍) ദക്ഷിണാഫ്രിക്ക (100 മെട്രിക് ടണ്‍), ഉസ്ബൈക്കിസ്ഥാന്‍ (100) തുടങ്ങിയവരും സ്വർണ ഉത്പാദനത്തില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളാണ്. ഏറ്റവും കൂടുതല്‍ സ്വർണ ഉപഭോഗം നടത്തുന്ന ഇന്ത്യ പട്ടികയുടെ പരിസരത്ത് പോലും ഇല്ലെന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 1341 കിലോഗ്രാം സ്വർണം മാത്രമാണ് ഇന്ത്യ പ്രതിവർഷം മാത്രം ഉത്പാദിപ്പിക്കുന്നത്.

സ്വർണ നിക്ഷേപം കണ്ടെത്താനായി ഓരോ രാജ്യങ്ങളും വലിയ തോതില്‍ തന്നെ മുതല്‍ മുടക്കാറുണ്ട്. എന്നാല്‍ ലോകത്ത് ഏറ്റവും വലിയ സ്വർണ നിക്ഷേപം നമ്മുടെയെല്ലാം കണ്‍മുന്നില്‍ തന്നെയുണ്ട് എന്നുള്ളതാണ് സത്യം. അത് നമ്മുടെ കടല്‍ വെള്ളത്തിലാണ്. നമുക്ക് ആർക്കും കടല്‍വെള്ളം കോരിയെടുക്കാം. എന്നാല്‍ വെള്ളം കോരിയെടുക്കുന്നത് പോലെ സ്വർണം കോരാനാകില്ലെന്നത് മറ്റൊരു സത്യം.
നാസയുടെ കണക്കുകൾ പ്രകാരം ഏകദേശം 20 ദശലക്ഷം ടൺ സ്വർണം സമുദ്രജലത്തിൽ ലയിച്ച് കിടക്കുന്നുണ്ട്. ചരിത്രത്തിലുടനീളം മനുഷ്യർ ഖനനം ചെയ്‌ത ആകെ സ്വർണത്തേക്കാള്‍ വരും കടല്‍ ജ്വലത്തിലെ സ്വർണം. സമുദ്രജലത്തിലെ സ്വർണ്ണത്തിൻ്റെ സാന്ദ്രത വളരെ നേരിയതാണെങ്കിലും വിശാലമായി പരന്ന് കിടക്കുന്ന സമുദ്രങ്ങളുടെ വ്യാപ്തി പരിഗണിക്കുമ്പോള്‍ സ്വർണത്തിന്റെ അളവും ഏറി വരുന്നു.
പുതിയ കണ്ടെത്തെല്‍ ഗവേഷകരിലും സംരംഭകരിലും താല്‍പര്യം ജനിപ്പിക്കുന്നുണ്ടെങ്കിലും സ്വർണ്ണം വേർതിരിച്ചെടുക്കുന്നതിന് സാങ്കേതികമായി വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരും. നിലവിലെ സാങ്കേതിക വിദ്യയില്‍ കടലില്‍ നിന്നും സ്വർണം വേർതിരിച്ചെടുക്കുന്നത് ലാഭകരമല്ല. ഈ സാഹചര്യത്തില്‍ മറൈൻ ഖനന സാങ്കേതിക വിദ്യകളിൽ ചെലവ് കുറഞ്ഞ രീതികൾ വികസിപ്പിക്കുന്നതിനുള്ള പര്യവേക്ഷണവും തുടരുകയാണ്.
2017-ൽ, പാപുവ ന്യൂ ഗിനിയ ലോകത്തിലെ ആദ്യത്തെ അണ്ടർവാട്ടർ മൈനിംഗിന് അനുമതി നല്‍കിയിരുന്നു. സ്വർണ്ണത്തോടൊപ്പം തന്നെ സമുദ്രത്തിൻ്റെ അടിത്തട്ടിൽ മറ്റ് നിരവധി വിലയേറിയ ധാതുക്കളും അടിഞ്ഞൂകൂടി കിടക്കുന്നുണ്ട്. അണ്ടർവാട്ടർ ഖനനം വിജയകരമായാല്‍ സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന പാരിസ്ഥിതിക ആശങ്കകളും വളരെ ഉയർന്നതാണ്.












Click it and Unblock the Notifications