ദില്ലി: എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് യാത്രക്കാരന് നല്‍കിയ സാന്‍ഡ്‌വിച്ചില്‍ വിരയെ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 28 നാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നും ദില്ലിയിലേക്ക് വന്ന യാത്രക്കാരന് വിമാനത്തില്‍ വിതരണം ചെയ്ത് സാന്‍ഡ്‌വിച്ചില്‍ നിന്ന് വിരയെ കിട്ടിയത്. ദില്ലിയില്‍ എത്തിയ യാത്രക്കാരന്‍ എയര്‍ ഇന്ത്യ ഓഫീസില്‍ എത്തി പരാതി നല്‍കി. പരാതി നല്‍കി രണ്ട് ആഴ്ച കഴിഞ്ഞിട്ടും വിരയെ കണ്ടെത്തിയതിന്റെ കാരണം കണ്ടെത്താന്‍ എയര്‍ ഇന്ത്യയ്ക്ക് കഴിയാത്ത സാഹചര്യത്തിലാണ് സംഭവം വീണ്ടും എയര്‍ ഇന്ത്യയുടെ ശ്രദ്ധയില്‍പെടുത്തുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കുകയാണെന്ന് എയര്‍ ഇന്ത്യ വക്താവ് പ്രസാദ് റാവു ദില്ലിയില്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. എയര്‍ ഇന്ത്യ വളരെ വൃത്തിയുള്ള അന്തരീക്ഷമാണ് വിമാനത്തിനുള്ളില്‍ ഒരുക്കുന്നതെന്നും വളരെ ' അപൂര്‍വ്വമായി' ട്ടാണ് എയര്‍ ഇന്ത്യയ്‌ക്കെതിരെ ഇത്തരം പരാതികള്‍ ലഭിയ്ക്കുന്നതെന്നും പ്രസാദ് റാവു പറഞ്ഞു.
എയര്‍ ഇന്ത്യക്കെതിരെ ഒട്ടേറെ പരാതികളാണ് അടുത്തിടെ ഉയരുന്നത്.രാജ്യത്തെ നാലമത്തെ വലിയ എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഇന്ത്യ ഒട്ടേറെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.