'ഭൂതത്തെ താഴെയിറക്കണം'; സമരമുഖം തുറന്ന് ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കർഷകർ
ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ ലൈംഗികാരോപണത്തില്‍ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകർ. ഭാരതീയ കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷകർ സമരപന്തലിലെത്തിയത്. ഗുസ്തി താരങ്ങൾക്ക് എല്ലാവിധ സഹായവും നൽകുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്ത് പ്രതികരിച്ചു.
'ഇതുപോലുള്ള സംഭവങ്ങളിൽ ഇതുവരെ ദില്ലി പോലീസ് ഒരാളേയും അറസ്റ്റ് ചെയ്തിട്ടില്ലേ? ഇല്ലെങ്കിൽ അറസ്റ്റ് ചെയ്യേണ്ടതില്ല. എന്നാൽ മറിച്ചാണെങ്കിൽ ഇപ്പോൾ തന്നെ നടപടിയെടുക്കണം. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിവയരെയാണ് ഇപ്പോൾ സർക്കാർ അവഗണിക്കുന്നത്', രാകേഷ് ടികായത്ത് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതരേയും ടികായത്ത് ആഞ്ഞടിച്ചു. 'എന്തുകൊണ്ട് മോദി സർക്കാരിനെതിരെ പ്രതിഷേധം നടത്താതിരിക്കണം. ഈ വിഷയത്തിൽ രാഹുൽ ഗാന്ധിയെ ആണോ ഞങ്ങൾ വിമ്‍ശിക്കേണ്ടത്', ടികായത്ത് ചോദിച്ചു. ഭൂതത്തെ താഴെയിറക്കണമെന്നും ടികായ്ത്ത് പറഞ്ഞു.
സർക്കാർ ഉചിതമായ തീരുമാനം എടുക്കാൻ തയ്യാറായില്ലെങ്കിൽ അടുത്തത് എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യം ഞങ്ങൾ തീരുമാനിക്കുമെന്നും കർഷക നേതാക്കൾ വ്യക്തമാക്കി. പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരും സംഘടന നേതാക്കളുമാണ് ഗുസ്തി താരങ്ങളുടെ സമരപന്തലിൽ എത്തിയത്.
കർഷകർ ജന്തർ മന്തറിൽ എത്തുന്ന സാഹചര്യത്തിൽ ഇവിടെ പോലീസ് സുരക്ഷ വർധിപ്പിച്ചിരുന്നു. കൂടുതൽ പോലീസ് സേനയെ വിന്യസിക്കുകയും ബാരിക്കേഡുകൾ തീർക്കുകയും ചെയ്തിരുന്നു. കർഷകരെ കൂടാതെ കർഷകരും വിദ്യാർഥികളും തൊഴിലാളികളും ഖാപ്പ് പ്രതിനിധികളും ഞായറാഴ്‌ച ജന്തർമന്തറിൽ എത്തി.
ഈ കുട്ടികൾക്ക് (പ്രതിഷേധിക്കുന്ന ഗുസ്തിക്കാർക്ക്) നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരാൻ തന്നെയാണ് തീരുമാനമെന്ന് ഖാപ്പ് പ്രസിഡന്റ് പാലം ചൗധരി സുരേന്ദർ സോളങ്കി പറഞ്ഞു.മുന്നോട്ടുള്ള സമരം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് ഞങ്ങൾ എല്ലാവരും ചേർന്ന് തീരുമാനമെടുക്കുമെന്നും സോളങ്കി പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് വനിതാ താരങ്ങളാണ് ബ്രിജ് ഭൂഷൺ സിംഗിനെതിരെ പരാതി നൽകിയത്.10 വർഷമായി സംഘടനാതലപ്പത്തിരിക്കുന്ന ബ്രിജ് ഭൂഷൺ പലപ്പോഴായി ലൈംഗികോദ്ദേശ്യത്തിൽ പെരുമാറിയെന്നാണ് ദില്ലി പോലീസിന് നൽകിയ പരാതിയിൽ ഗുസ്തി താരങ്ങളുടെ ആരോപണം. എന്നാൽ തനിക്കെതിരായ ആരോപണങ്ങളിൽ ഒന്നെങ്കിലും തെളിയിക്കാനായാൽ താൻ തൂങ്ങി മരിക്കാൻ തയ്യാറാണെന്നാണ് ഇപ്പോൾ ബ്രിജ് ഭൂഷണിന്റെ വെല്ലുവിളി.












Click it and Unblock the Notifications