'പൊലീസ് നടപടി ഞെട്ടിക്കുന്നത്'; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി അനില്‍ കുംബ്ലെ
ദില്ലി: ലൈംഗിക ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെയുള്ള ഗുസ്തി താരങ്ങളുടെ സമരത്തില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ഡ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ രംഗത്ത്. രണ്ട് ദിവസം മുമ്പ് ദേശീയ ഗുസ്തി താരങ്ങളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധവുമായി നിരവധി കായിക താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അനില്‍ കുംബ്ലെയും പ്രതികരിച്ച് രംഗത്തെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത ദിവസം സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ തുടങ്ങിയ മുന്‍നിര ഗുസ്തി താരങ്ങളെ തടഞ്ഞു വച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതേ തുടര്‍ന്ന് നിരവധി താരങ്ങളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പൊലീസ് നടപടി ഞെട്ടിക്കുന്നതാണെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് കുംബ്ലെ ആവശ്യപ്പെട്ടു. എത്രയും വേഗത്തില്‍ ചര്‍ച്ചകള്‍ നടക്കണമെന്നും അദ്ദേഹം പറയുന്നു.

അതേസമയം, എന്തുവന്നാലും സമരത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന നിലപാടിലാണ് ഗുസ്തി താരങ്ങള്‍. തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കുന്നതിനായി ഗുസ്തി താരങ്ങള്‍ ഹരിദ്വാറില്‍ എത്തിയിരുന്നു. എന്നാല്‍ മെഡല്‍ ഒഴുക്കുന്നതില്‍ നിന്ന് താരങ്ങള്‍ പിന്മാറണമെന്ന് കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു.
ഗുസ്തി താരങ്ങല്‍ക്ക് പിന്തുണയുമായി കര്‍ഷക നേതാവ് രാകേഷ് ടിക്കായത് ഉള്‍പ്പടെയുള്ള നേതാക്കള്‍ ഹരിദ്വാറിലേക്ക് എത്തി. താരങ്ങള്‍ തെറ്റായ നടപടികളിലേക്ക് കടക്കരുതെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. അതേസമയം, വിഷയത്തില്‍ പ്രതികരിച്ച അനില്‍ കുംബ്ലയെ സല്യൂട്ട് ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
പൊലീസ് ഇടപെടലിന് പിന്നാലെയാണ് ഗുസ്തി താരങ്ങള്‍ സമരം കടുപ്പിക്കാന്‍ തീരുമാനിച്ചത്. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് താരങ്ങള്‍ കടുത്ത തീരുമാനങ്ങളിലേക്ക് എത്തിയത്.
അതേസമയം, ഗുസ്തി താരങ്ങളായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ക്കും പ്രതിഷേധത്തിന്റെ മറ്റ് സംഘാടകര്‍ക്കുമെതിരെ കേസെടുത്തിരുന്നു. ഐ പി സിയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.












Click it and Unblock the Notifications