അവസാന നിമിഷം അയോധ്യയിലെ റാലി ഉപക്ഷേിച്ച് ബ്രിജ് ഭൂഷണ്‍; 'കേസില്‍ കുടുക്കാന്‍ നോക്കുന്നു'
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ പ്രതിരോധിച്ച് തന്റെ കരുത്ത് കാണിക്കാനുള്ള ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ തീരുമാനം മാറ്റി. ഇന്ന് അയോധ്യയില്‍ വലിയൊരു റാലി സംഘടിപ്പിക്കാനായിരുന്നു ബ്രിജ് ഭൂഷണ്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് അവസാന നിമിഷം മാറ്റിയിരിക്കുകയാണ്. കുറച്ച് ദിവസം കഴിഞ്ഞാല്‍ റാലി നടക്കുമെന്നും ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി.
ബ്രിജ് ഭൂഷനെതിരായ ആരോപണങ്ങള്‍ ഡല്‍ഹി പോലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. പോക്‌സോ കേസ് അടക്കം ബ്രിജ് ഭൂഷനെതിരെയുണ്ട്. അയോധ്യയിലെ സന്ന്യാസിമാരെ അടക്കം റാലിയില്‍ പങ്കെടുപ്പിച്ച് കരുത്ത് കാണിക്കാനായിരുന്നു ബ്രിജ് ഭൂഷന്റെ ശ്രമം.

അതേസമയം റാലി നടത്താന്‍ ബ്രിജ് ഭൂഷണ്‍ അനുമതി തേടിയിരുന്നില്ലെന്ന് അയോധ്യ ഭരണസമിതി പറയുന്നു. പകരം പൂജാരിമാരുടെ സംഘത്തെ ഒപ്പം ചേര്‍ത്ത് ഒരു യോഗം ചേരാനാണ് ബ്രിജ് ഭൂഷണ്‍ തീരുമാനിച്ചിരുന്നത്. തിങ്കളാഴ്ച്ച സന്ന്യാസിമാരുടെ അനുഗ്രഹത്തോടെ വലിയ റാലി ആരംഭിക്കുമെന്ന് നേരത്തെ ബ്രിജ് ഭൂഷണ്‍ പറഞ്ഞിരുന്നു.
തനിക്കെതിരെയുള്ള എഫ്‌ഐആറുകള്‍ പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ബ്രിജ് ഭൂഷനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും, അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും വലിയൊരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന വാദത്തിലാണ് അദ്ദേഹം.
തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിച്ചാല്‍ തൂങ്ങി മരിക്കാന്‍ തയ്യാറാണെന്നായിരുന്നു ബ്രിജ് ഭൂഷന്റെ വാദം. ഗുസ്തി ഫെഡറേഷന്റെ തലപ്പത്ത് നിന്ന് സ്ഥാനമൊഴിയാനുള്ള സന്നദ്ധതയും അദ്ദേഹം കാണിച്ചിട്ടില്ല. 'രാഷ്ട്രീയ എതിരാളികളും പാര്‍ട്ടികളും ചേര്‍ന്ന് തന്നെ കുറ്റക്കാരനായി തെറ്റായി ചിത്രീകരിക്കാന്‍ നോക്കുകയാണെന്ന്' ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
' നിങ്ങളുടെ പിന്തുണയോടെയാണ് കഴിഞ്ഞ 28 വര്‍ഷമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എല്ലാ ജാതിയിലും സമുദായത്തിലും, മതത്തിലും ഉള്ളവരെ ഒന്നിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഇതാണ് രാഷ്ട്രീയ എതിരാളികളും, അവരുടെ പാര്‍ട്ടികളും, തന്നെ യാതൊരു തെളിവുമില്ലാതെ കുറ്റക്കാരനാക്കാന്‍ നോക്കുന്നതിന് കാരണമെന്നും' ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
'ഇപ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി പ്രാദേശികത, വംശീയ സംഘര്‍ഷങ്ങള്‍ എന്നിവ പലയിടത്തും കണ്ടുവരുന്നുണ്ട്. അയോധ്യയില്‍ ജൂണ്‍ അഞ്ചിന് സന്ന്യാസിമാരുടെ യോഗം ചേരാന്‍ തീരുമാനിച്ചത്, സമൂഹത്തില്‍ ബാധിച്ചിരിക്കുന്ന ഈ തിന്മകളെ തടയാനാണ്. എന്നാല്‍ പോലീസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ച് തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അതുകൊണ്ട് അയോധ്യയിലെ പരിപാടി കുറച്ച് ദിവസത്തേക്ക് മാറ്റി വെക്കുന്നുവെന്നും' ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
ലക്ഷകണക്കിന് അഭ്യൂദയാംകാക്ഷിളും, വിവിധ മതങ്ങളിലും സമുദായങ്ങളിലും, സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ടവരും തന്നെ പിന്തുണയ്ക്കുന്നുണ്ടെന്ന് ബ്രിജ് ഭൂഷണ്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications