മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ ഹരിദ്വാറിൽ എത്തി ഗുസ്തി താരങ്ങൾ; വൈകാരിക രംഗങ്ങൾ, തടയുമെന്ന് ഗംഗ സഭ
ഡൽഹി: ലൈംഗികാതിക്ര പരാതിയിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങൾ. പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ലെന്ന വ്യക്തമാക്കിയ താരങ്ങൾ പ്രതിഷേധ സൂചകമായി തങ്ങൾക്ക് ലഭിച്ച മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിനായി ഹരിദ്വാറിലെത്തി. സാക്ഷി മാലിക്കും വിനേഷ് ഫോഗോട്ടും സംഘവുമാണ് ഹരിദ്വാറിലെത്തിയത്. മെഡലുകൾ നെഞ്ചോട് ചേർത്ത് പിടിച്ച് കണ്ണീരണിഞ്ഞ് കൊണ്ടാണ് താരങ്ങൾ ഹരിദ്വാറിൽ തുടരുന്നത്.
താരങ്ങൾക്ക് പിൻതുണയുമായി വൻ ജനാവലിയാണ് ഹരിദ്വാറിൽ ഉള്ളത്. വൈകാരിക രംഗങ്ങളാണ് ഹരിദ്വാറിൽ അരങ്ങേറുന്നത്. തങ്ങൾ പൊരുതി നേടിയ മെഡലുകൾ പ്രതിഷേധ സൂചകമായി ഗംഗയിൽ ഒഴുക്കുമെന്ന് ഇന്ന് ഉച്ചയോടെയാണ് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചത്. വിയർപ്പൊഴുക്കി നേടിയ മെഡലുകൾക്ക് വിലയില്ലാതായെന്നും മെഡലുകൾ ഗംഗയിലേക്ക് എറിയുമെന്നുമായിരുന്നു താരങ്ങൾ വ്യക്തമാക്കിയത്. തങ്ങളുടെ ആത്മാവാണ് മെഡലുകൾ. ഇവ തിരികെ നൽകുന്നത് ഞങ്ങളെ കൊല്ലുന്നതിന് തുല്യമാണ്. എന്നാൽ ആത്മാഭിമാനം പണയം വെയ്ക്കാൻ തയ്യാറല്ലെന്നും താരങ്ങൾ വ്യക്തമാക്കിയിരുന്നു. അതേസമയം താരങ്ങൾ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി. പ്രതിഷേധം അറിയിക്കാൻ മറ്റ് വഴികൾ ഗുസ്തി താരങ്ങൾ തിരഞ്ഞെടുക്കണമെന്നായിരുന്നു കോൺഗ്രസ് അഭ്യർത്ഥന.

എന്നാൽ താരങ്ങളെ തടയില്ലെന്നാണ് ഹരിദ്വാർ പോലീസ് നിലപാട്. 'ഗുസ്തി താരങ്ങൾക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. മെഡലുകൾ ഗംഗയിൽ ഒഴിപ്പിക്കാനാണ് അവരുടെ തീരുമാനമെങ്കിൽ ഞങ്ങൾ തടയില്ല. അവരെ തടയണമെന്നത് സംബന്ധിച്ച് യാതൊരു നിർദ്ദേശവും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല', ഹരിദ്വാർ എസ്പി അജയ് സിംഗ് പറഞ്ഞു. 'ലക്ഷക്കണക്കിന് ആളുകൾ സ്വർണവും വെള്ളിയും ചാരവുമെല്ലാം ഗംഗയിൽ ഒഴുക്കാറുണ്ട്. ഗംഗാ ദസറയോടനുബന്ധിച്ച് 15 ലക്ഷത്തോളം തീർഥാടകർ ഗംഗയിൽ പുണ്യസ്നാനം ചെയ്യാൻ ഹരിദ്വാറിൽ എത്താറുണ്ട്, ഗുസ്തി താരങ്ങളേയും സ്വാഗതം ചെയ്യുകയാണ്', എന്നും അജയ് സിംഗ് പറഞ്ഞു.
അതേസമയം ഗുസ്തി താരങ്ങളുടെ നീക്കം തടയുമെന്ന് ഗംഗാ സഭ അധ്യക്ഷൻ നിതിൻ ഗൗതം പറഞ്ഞു. 'ഗംഗ ഒരു പുണ്യസ്ഥലമാണ്, അത് രാഷ്ട്രീയ വേദിയാക്കരുത്. മെഡലുകൾ അല്ല കായിക മത്സരങ്ങളുടെ നട്ടെല്ലെന്ന് പറയുന്നത്. ആചാരങ്ങളേയും പ്രാർത്ഥനകളേയും ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്. ദൈവം അവർക്ക് ബുദ്ധി നൽകണമെന്നാണ് ഞങ്ങൾ പ്രാർത്ഥിക്കുന്നത്. ഗംഗയിലേക്ക് മെഡിലുകൾ ഒഴുക്കാനുള്ള എല്ലാ നീക്കവും തടയും', ഗൗതം പറഞ്ഞു.












Click it and Unblock the Notifications