'കോൺഗ്രസ് വിട്ടത് ജീവിതത്തിലെടുത്ത മണ്ടൻ തീരുമാനം'; ഗുലാം നബിക്കൊപ്പം പാർട്ടി വിട്ടവർ തിരിച്ചെത്തി
തിരുവനന്തപുരം: മുതിർന്ന നേതാവായ ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ പാർട്ടിയിലേക്ക് കോൺഗ്രസിൽ നിന്നും നേതാക്കൾ ഒഴുകുകയായിരുന്നു. മുൻ ഉപമുഖ്യമന്ത്രി ഉൾപ്പെടെയുള്ള 19 പ്രമുഖ നേതാക്കളായിരുന്നു കോൺഗ്രസിനെ ഞെട്ടിച്ച് രാജിവെച്ച് ആസാദിനൊപ്പം ചേർന്നത്. നിയമസഭ തിരഞ്ഞെടുപ്പ് അടക്കവെ കോൺഗ്രസിൽ നിന്നും കൂടുതൽ നേതാക്കൾ തനിക്കൊപ്പം ചേരുമെന്നും ആസാദ് അവകാശപ്പെട്ടിരുന്നു.
എന്നാൽ പാർട്ടി വിട്ട് ഒരു മാസം തികയും മുൻപ് രാജിവെച്ച 19 പേരും കോൺഗ്രസിലേക്ക് മടങ്ങിയെത്തിരിക്കുകയാണ്. കോൺഗ്രസ് വിടാനുള്ള തീരുമാനം ജീവിതത്തിലെ വലിയ മണ്ടത്തരമായി പോയെന്നാണ് നേതാക്കൾ മാധ്യമങ്ങൾക്ക് മുൻപിൽ പ്രതികരിച്ചത്.

ദില്ലിയില്‍ എ ഐ സി സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് വീണ്ടും സ്വാഗതം ചെയ്തു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര കാശ്മിരിലേക്ക് പ്രവേശിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പാർട്ടിക്ക് വമ്പൻ ബൂസ്റ്റ് നൽകി നേതാക്കളുടെ മടങ്ങി വരവ്.
കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്,മുൻ മന്ത്രിമാരായ പിർസാദ മുഹമ്മദ് സയിദ്, മനോഹർ ലാൽ, ബൽവാൻ സിംഗ്, എം എൽ മാരടക്കം 19 പേരാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.

പാർട്ടി വിട്ടവർ തിരികെ തറവാട്ടിൽ എത്തിയിരിക്കുകയാണെന്നും ഇത് സന്തോഷത്തിന്റെ നിമിഷമാണെന്നും കെസി വേണുഗോപാൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ചില തെറ്റിധാരണകളുടെ പേരിലാണ് നേതാക്കൾ രാജിവെച്ചത്. അവർ ഇപ്പോൾ മടങ്ങയെത്തിയിരിക്കുന്നു. രണ്ട് മാസത്തെ അവധിയിലായിരുന്നു നേതാക്കൾ എന്ന് കരുതിയാൽ മതി. അവർ അവരുടെ അവധി കഴിഞ്ഞ് അവർ തിരിച്ചെത്തി',കെ സി പറഞ്ഞു.

അതേസമയം കോൺഗ്രസ് വിടാനുണ്ടായ തീരുമാനം ജീവിതത്തിലെ വലിയ മണ്ടത്തരമായി പോയെന്ന് താരാചന്ദ് പറഞ്ഞു. 'ഞങ്ങളുടെ ജീവിതം മുഴുവൻ കോൺഗ്രസിന് വേണ്ടിയാണ് ഞങ്ങൾ ചെലവഴിച്ചത്. എന്നാൽ ചില വികാരങ്ങളുടെ പുറത്ത് , ഒരു തെറ്റായ ചുവടുവെപ്പ് എടുക്കേണ്ട സാഹചര്യം ഞങ്ങൾക്കുണ്ടായി. തെറ്റായ തീരുമാനമായിരുന്നു. എന്നെപ്പോലൊരു പാവപ്പെട്ട ഒരാൾക്ക് ഒരു ഐഡന്റിറ്റി നൽകിയ പാർട്ടിയാണ് കോൺഗ്രസ്. എന്നെ എംഎൽഎ ആയും, പ്രതിപക്ഷ നേതാവായും, നിയമസഭാ സ്പീക്കറായും, ഡെപ്യൂട്ടി സ്പീക്കറായും നിയമിച്ച പാർട്ടിയാണ്. വികാര തള്ളിച്ചയിലും സൗഹൃദത്തിന്റെ സ്വാധീനത്താലും ചെയ്ത് പോയ തെറ്റാണ്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമായിരുന്നു അതെന്ന് തിരിച്ചറിയുന്നു', താരാ ചന്ദ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.

പാർട്ടിയോടും ജനങ്ങളോടും ചെയ്ത തെറ്റിന് ക്ഷമ ചോദിക്കികയാണെന്ന് മുൻ പിസിസി അധ്യക്ഷൻ കൂടിയായ പീർ സാദാ മുഹമ്മദ് സയ്യിദ് പറഞ്ഞു.'ഞാൻ കശ്മീരിലെ ജനങ്ങളോടും എന്റെ പാർട്ടിയോടും ക്ഷമ ചോദിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസമായി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഗാന്ധി കുടുംബവും ജമ്മു കശ്മീരിലെ ജനങ്ങളും തമ്മിൽ വൈകാരികമായ ബന്ധമുള്ളതിനാൽ ജനങ്ങളിൽ നിന്ന് മാത്രമല്ല എന്റെ കുടുംബത്തിൽ നിന്ന് വരെ എനിക്ക് വലിയ സമ്മർദ്ദമാണ് നേരിടേണ്ടി വന്നത്. ജമ്മു കശ്മീരിലെ ജനങ്ങൾ ഇപ്പോഴും ഗാന്ധി കുടുംബത്തെ സ്നേഹിക്കുന്നു', സയിദ് പറഞ്ഞു.രാജ്യത്തും ജമ്മു കശ്മീരിലും മതനിരപേക്ഷ ശക്തികളെ ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഗുലാം നബി ആസാദും കോൺഗ്രസിലേക്ക് മടങ്ങുമെന്നും രാഹുൽ ഗാന്ധിയ്ക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം തന്നെ ആ വാർത്ത നിഷേധിച്ചല്ലോയെന്നായിരുന്നു കെസി വേണുഗോപാൽ പ്രതികരിച്ചത്. ഭാരത് ജോഡയുടെ ആശയത്തോട് യോജിച്ച് നിൽക്കുന്ന ആർക്കും യാത്രയുടെ ഭാഗമാകാമെന്നും കെസി വേണുഗോപാൽ പറഞ്ഞു.












Click it and Unblock the Notifications