യാക്കൂബ് മേമനെ വെറുതേ 'തൂക്കിയതല്ല'... എല്ലാം കൊടുത്തു
ദില്ലി: 1993 ലെ മുംബൈ സ്‌ഫോടന പരമ്പരയിലെ പ്രതിയാണ് യാക്കൂബ് മേമന്‍. ടാഡ കോടതി വധശിക്ഷ വിധിച്ച് എട്ട് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ശിക്ഷ നടപ്പാക്കപ്പെട്ടിരിയ്ക്കുന്നത്. നിയമപരമായ എല്ലാ പരിരക്ഷകളും യാക്കൂബ് മേമന് ലഭ്യമായിരുന്നു.
പ്രധാന പ്രതികളായ ദാവൂദ് ഇബ്രാഹിമിനേയും ടേഗര്‍ മേമനേയും ഒന്നും പിടികൂടാനാകാത്ത സാഹചര്യത്തിലാണ് മേമനെ തൂക്കിക്കൊന്നതെന്ന് ആക്ഷേപം ഉന്നയിക്കുന്നവരുണ്ട്. എന്നാല്‍ അത് എങ്ങനെ ശരിയാകും. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണവും അതുപോലെ നീണ്ടു നിന്ന നിയമ പോരാട്ടങ്ങള്‍ക്കും ഒടുവിലല്ലേ ശിക്ഷ നടപ്പാക്കിയത്... വധശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് വരെ ആ നിയമ പോരാട്ടം നടന്നില്ലേ... ഇന്ത്യയിലല്ലാതെ വേറെ എവിടെ ലഭിയ്ക്കും ഈ ആനുകൂല്യങ്ങള്‍.

21 വര്‍ഷം നീണ്ട കേസ്
1994 ല്‍ ആണ് യാക്കൂബ് മേമന്‍ പിടിയിലാകുന്നത്. 21 വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ മേമനെ തൂക്കിക്കൊന്നിരിയ്ക്കുന്നത്.

വധശിക്ഷ
2007 ല്‍ ആണ് ടാഡ കോടതി യാക്കൂബ് മേമന് വധശിക്ഷ വധിച്ചത്. തുടര്‍ന്നിങ്ങോട്ട് നടന്നത് വലിയ നിയമ പോരാട്ടങ്ങളായിരുന്നു.

മൂന്ന് തവണ ദയാഹര്‍ജി
മൂന്ന് തവണയാണ് യാക്കൂബ് മേമന്‍ രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്‍കിയത്. വധശിക്ഷ നടപ്പാക്കുന്നതിന് തലേന്നായിരുന്നു അവസാനത്തെ ഹര്‍ജി. എല്ലാ ഹര്‍ജികളും തള്ളിപ്പോയി.

സുപ്രീം കോടതി
വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മേമന്‍ പല തവണ സുപ്രീം കോടതിയെ സമീപിച്ചു. എല്ലായിപ്പോഴും മേമന്റെ ഹര്‍ജികള്‍ തള്ളപ്പെട്ടു.

അവസാന ദിനങ്ങള്‍
മേമന്റെ ശിക്ഷ ജൂലായ് 30 ന് നടപ്പാക്കും എന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ നിയമപോരാട്ടം ശക്തമായി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി തള്ളി.

കോടതിയിലെ തര്‍ക്കം
മേമന്റെ വധശിക്ഷ സംബന്ധിച്ച് സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായി. ജസ്റ്റിസ് കുര്യന്‍ ജോസഫ് മേമന്റെ വധശിക്ഷ സ്റ്റേ ചെയ്തു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഇടപെട്ട് കേസ് വിശാല ബഞ്ചിന് വിട്ടു.

വിശാല ബഞ്ചും തള്ളി
വധശിക്ഷ നടപ്പാക്കുന്നതിന് തലേന്ന് വിശദമായ വാദം കേട്ട് മൂന്നംഗം ബഞ്ച് മേമന്റെ ഹര്‍ജി തള്ളി.

വീണ്ടും ദയാഹര്‍ജി
ഹര്‍ജി തള്ളിയതോടെ മേമന്‍ വീണ്ടും രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്‍കി. ഇതും രാത്രിയോടെ തള്ളപ്പെട്ടു.

അസാധാരണ സംഭവങ്ങള്‍
രാത്രിയില്‍ ദയാഹര്‍ജി തള്ളിയതോടെ നിയമ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചു. തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ വീണ്ടും മൂന്നംഗ ബഞ്ച് കേസ് പരിഗണിച്ചു.

പുലര്‍ച്ചെ ചേര്‍ന്ന കോടതി
ജൂലായ് 30 ന് പുലര്‍ച്ചെ 3.20 ന് സുപ്രീം കോടതി അസാധാരണ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിയ്ക്കുന്നു. 4.57 ന് ഹര്‍ജി തള്ളുന്നു.

വധശിക്ഷ
കോടതി ഹര്‍ജി തള്ളും മുമ്പേ തന്ന ജയിലില്‍ വധശിക്ഷ നടപ്പാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിരുന്നു. 6.35 ന് വധശിക്ഷ നടപ്പാക്കി.

എല്ലാ നിയമ പരിരക്ഷകളും
നിയമപരമായ എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും നല്‍കിയതിന് ശേഷമാണ് യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയത്. ടൈഗര്‍ മേമനേയും ദാവൂദ് ഇബ്രാഹിമിനേയും പിടികൂടാത്തതുകൊണ്ടല്ല.












Click it and Unblock the Notifications