മേമനെ തൂക്കിലേറ്റിയത് കസബിന്റെ ആരാച്ചാര്‍; ചെലവഴിച്ചത് 22 ലക്ഷം
നാഗ്പൂര്‍: 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയത് അജ്മല്‍ കസബിന്റെ ആരാച്ചാര്‍ തന്നെയെന്ന് റിപ്പോര്‍ട്ട്. മുംബൈ ഭീകരാക്രമണക്കേസില്‍ ജീവനോടെ പിടികൂടപ്പെട്ട അജ്മല്‍ കസബിനെ 2012 നവംബര്‍ 21നാണ് യര്‍വാഡ ജയിലില്‍ വെച്ച് തൂക്കിലേറ്റിയത്. ഇതേ ആരാച്ചാര്‍ തന്നെയാണ് മേമനെയും തൂക്കിലേറ്റിയതെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.
പതിവുപോലെ വന്‍ ഒരുക്കങ്ങളാണ് തൂക്കിലേറ്റുന്നതിനു മുന്‍പായി നടപ്പിലാക്കിയിരുന്നത്. മേമന്റെ വധശിക്ഷ ഒരു കാരണവശാലും ജീവപര്യന്തമാകില്ലെന്ന് ജയില്‍ ജീവനക്കാര്‍ക്ക് ഉറപ്പുണ്ടായിരുന്നു. ആയതിനാല്‍ യര്‍വാഡ ജയില്‍ സൂപ്രണ്ട് യോഗേഷ് ദേശായിയെ മാസങ്ങള്‍ക്ക് മുന്‍പുതന്നെ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സ്ഥലം മാറ്റിയിരുന്നു.

ഇയാള്‍ ആണ് കസബിനെ തൂക്കിലേറ്റുന്നതിന് നേതൃത്വം നല്‍കിയിരുന്നത്. നാഗ്പൂര്‍ ജയിലില്‍ മേമനെ തൂക്കിലേറ്റുന്നത് ഒരുക്കങ്ങള്‍ നടത്തിയതും യാഗേഷ് ദേശായിയുടെ നേതൃത്വത്തിലാണ്. ഒട്ടേറെ തവണ ഡമ്മിയെ ഉപയോഗിച്ച് പരീക്ഷണം നടത്തിയശേഷമാണ് മേമന്റെ വധശിക്ഷ നടപ്പാക്കിയത്.
ഏതാണ്ട് 22 ലക്ഷം രൂപയാണ് മേമന്റെ വധശിക്ഷയ്ക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍ ചെലവഴിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സൈനിക വിന്യാസത്തിന്റെ ചെലവുകള്‍ക്കു പുറമെയാണിത്. വധശിക്ഷ നടപ്പാക്കുന്നതിനായി ആരാച്ചാരുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ജയിലില്‍ എത്തിയിരുന്നത്. തൂക്കിക്കൊല്ലുന്നതിനുള്ള കയറും മറ്റും തയ്യാറാക്കിയത് ഈ സംഘമായിരുന്നു.












Click it and Unblock the Notifications