ബിജെപി തനിച്ച് ഭൂരിപക്ഷം കടക്കില്ലെന്ന് യോഗേന്ദ്ര യാദവ്; 'കോൺഗ്രസ് 100 വരെ സീറ്റ് നേടിയേക്കും'
ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തനിച്ച് കേവലഭൂരിപക്ഷം നേടാൻ ആവില്ലെന്ന് പ്രവചിച്ച് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ കൂടിയായ സാമൂഹ്യ നിരീക്ഷകൻ യോഗേന്ദ്ര യാദവ്. ബി ജെ പിക്ക് 2019 ൽ ലഭിച്ചതിനേക്കാൾ 50 സീറ്റ് കുറയുമെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കി. ബി ജെ പി 300നടുത്ത് സീറ്റുകള്‍ നേടുമെന്ന പ്രശാന്ത് കിഷോറിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു യോഗേന്ദ്ര യാദവ്.
ബി ജെ പിക്ക് 240 മുതൽ 260 വരെ സീറ്റുകൾ ലഭിച്ചേക്കുമെന്നാണ് യോഗേന്ദ്ര യാദവ് പ്രവചിക്കുന്നത്. എൻ ഡി എ സഖ്യകക്ഷികൾക്ക് 35 മുതൽ 45 സീറ്റുകൾ വരെ ലഭിക്കും. അതായത് എൻ ഡി എയ്ക്ക് 275 മുതൽ 305 വരെ സീറ്റിനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. അതേസമയം കോൺഗ്രസ് തങ്ങളുടെ സീറ്റുകൾ കുത്തനെ ഉയർത്തുമെന്നും അദ്ദേഹം പറയുന്നു. 85 മുതൽ 100 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നാണ് പ്രവചിക്കുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 52 സീറ്റുകളായിരുന്നു കോൺഗ്രസിന് ലഭിച്ചത്. ഇന്ത്യ സഖ്യത്തിന് കോണ്‍ഗ്രസിനെ കൂടാതെ 120 സീറ്റുമുതല്‍ 135 സീറ്റുകള്‍ വരെ ലഭിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി ബംഗാളിൽ നേട്ടമുണ്ടാക്കിയേക്കുമെന്നും യോഗേന്ദ്ര യാദവ് വിലയിരുത്തുന്നുണ്ട്. ബംഗാളിൽ പ്രതിപക്ഷ സഖ്യമില്ലാത്തത് ബി ജെ പിക്ക് നേട്ടമാകും. എന്നാൽ 2019 ൽ നേടിയ 18 സീറ്റുകളൊന്നും പാർട്ടിക്ക് അവിടെ ലഭിക്കാൻ പോകുന്നില്ല.സംസ്ഥാനത്ത് ബി ജെ പിയും തൃണമൂൽ കോൺഗ്രസും തമ്മിലാണ് പ്രധാനമായും പോരാട്ടം. ഒഡീസയിൽ ബി ജ പി നേട്ടം കൊയ്യും. 4 സീറ്റുകൾ ഇവിടെ അധികമായി നേടാനാകുമെന്നാണ് പ്രവചനം.
അതേസമയം യോഗേന്ദ്ര യാദവിന്റെ പ്രവചനം പ്രശാന്ത് കിഷോർ പങ്കിട്ടിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് ആവശ്യം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് തനിച്ച് 303 സീറ്റുകളും എൻ ഡി എയ്ക്ക് 323 സീറ്റുകളും നേടാൻ സാധിച്ചിരുന്നു. ശിവസേന കഴിഞ്ഞ തവണ എന്‍ ഡി എയുടെ ഭാഗമായി 18 സീറ്റ് നേടി. ഇപ്പോള്‍ സഖ്യത്തിനൊപ്പമില്ല. ഇനി ആരാണ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് വിലയിരുത്താമെന്നും പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു. ബി ജെ പി ഇക്കുറിയും അധികാരത്തിലേറുമെന്ന പ്രശാന്ത് കിഷോറിൻറെ പ്രവചനം നേരത്തേ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.ബി ജെ പി 370 സീറ്റ് നേടില്ല, എന്നാൽ 300 ന് മുകളിൽ സീറ്റ് നേടി വിജയിക്കുമെന്നായിരുന്നു പ്രവചനം.












Click it and Unblock the Notifications