'കെജ്‌രിവാള്‍ സ്വഭാവ ശുദ്ധിയില്ലാത്ത നേതാക്കളെ പിന്തുണക്കുന്നു'
ദില്ലി: ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ സമുന്നത നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ സ്വഭാവഗുണില്ലാത്ത നേതാക്കളെ പിന്തുണയ്ക്കുകയാണെന്ന് സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്. റായ്പൂരില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം തന്റെ മുന്‍ പാര്‍ട്ടി നേതാവിനെതിരെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
ഗാര്‍ഹിക പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന സോംനാഥ് ഭാരതിയും, വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയതിന്റെ പേരില്‍ ജയിവാസം അനുഭവിക്കേണ്ടിവന്ന ജിതേന്ദര്‍ കുമാര്‍ തൊമാറിനെയും യോഗേന്ദ്ര യാദവ് തെളിവായി ഉയര്‍ത്തിക്കാട്ടി. അഞ്ചു കോടി രൂപ പരസ്യഇനത്തില്‍ ചെലവഴിച്ച ദില്ലി സര്‍ക്കാര്‍ ജനങ്ങളുടെ നികുതി പണം പാഴാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ നടന്ന ദില്ലി യൂണിവേഴ്‌സിറ്റി ഇലക്ഷനിലടക്കം ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ ഇടപെടല്‍ എതിര്‍ക്കപ്പെടേണ്ടതാണ്. പാര്‍ട്ടി ജനവിരുദ്ധ നയങ്ങളാണ് എടുത്തുവരുന്നത്. പാര്‍ട്ടിയില്‍ വിശ്വസിച്ചാണ് വന്‍ ഭൂരിപക്ഷത്തില്‍ അവര്‍ സര്‍ക്കാരിനെ തെരഞ്ഞെടുത്തത്. എന്നാലിപ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടയാളാണ് യോഗേന്ദ്ര യാദവ്. പിന്നീട് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്വരാജ് അഭിയാന്‍ എന്ന സംഘടന രൂപീകരിക്കുകയായിരുന്നു. ദില്ലി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ യോഗേന്ദ്ര യാദവ് രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുന്നത് പതിവായിരിക്കുകയാണ്.












Click it and Unblock the Notifications