ശിവസേനയെ വിടാതെ പിന്തുടര്‍ന്ന് യോഗി, വീണ്ടും ചുട്ടമറുപടി; ആര് അവസാനിപ്പിക്കും ഈ വാക്‌പോര് ?
ദില്ലി: മഹാരാഷ്ട്രയിലെ പല്‍ഘാര്‍ ആള്‍കൂട്ട ആക്രമണത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലും രണ്ട് സന്യാസിമാര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയിലെ ഒരു ക്ഷേത്രത്തില്‍ താമസിക്കുന്ന രണ്ട് സന്യാസിമാരെയാണ് ഒരാള്‍ കൊലപ്പെടുത്തിയത്. പല്‍ഘാര്‍ ആള്‍കൂട്ട ആക്രമണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇന്നലെ ഉത്തര്‍പ്രദേശിലും സന്യാസിമാര്‍ കൊല്ലപ്പെട്ടപ്പോള്‍ ഓരേ നാണയത്തില്‍ മറുപടിയോന്നോണം ഉദ്ധവ് താക്കറെയും പ്രതികരിച്ചിരുന്നു. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ടരാഷ്ട്രീയ പോര് മുറുകുകയാണ്. തന്നെ വിമര്‍ശിച്ച ശിവസേന നേതാവ് സജ്ഞയ് റാവുത്തിനെതിരെ പ്രതികരണവുമായി രംഗത്തത്തിയിരിക്കുകയാണ് യോഗി ആദിത്യനാഥ്. വിശദാംശങ്ങളിലേക്ക്.

പാല്‍ഘര്‍ ആക്രമണം
ഏപ്രില്‍ 16 നായിരുന്നു മഹാരാഷ്ട്രയില്‍ രണ്ട് സന്യാസിമാരും ഡ്രൈവറും അടക്കം മൂന്ന് പേര്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. പിന്നാലെ മഹാരാഷ്ട്രയില്‍ ആഭ്യന്തര മന്ത്രി രാജിവെക്കണ ആവശ്യവുമായി ബിജെപി രംഗത്തെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചിരുന്നു. യോഗി ആദിത്യനാഥ് ഉദ്ധവ് താക്കറെയെ ബന്ധപ്പെട്ടിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ താന്‍ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യോഗി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഉദ്ധവിന്റെ മറുപടി
ഇന്നലെ ഉത്തര്‍പ്രദേശില്‍ രണ്ട് സന്യാസിമാര്‍ കൊല്ലപ്പെട്ടപ്പോള്‍ തിരിച്ച് യോഗി ആദിത്യനാഥിനെ ഉദ്ധവ് താക്കറെ ഫോണില്‍ ബന്ധപ്പെട്ടു. യോഗി ആദിത്യനാഥിനെ താന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സംഭവം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുന്നതിനെതിരെയാണ് ഞങ്ങള്‍. സംഭവത്തില്‍ ഞങ്ങള്‍ ചെയ്തത് പോലെ എത്രയും പെട്ടെന്ന്് അന്വേഷണം നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും വേണം. ഇതൊരു വര്‍ഗീയ വിഷയമാക്കാതിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' ഉദ്ധവ് താക്കറെ ട്വീറ്റ് ചെയ്തു.

സജ്ഞയ് റാവുത്തിന്റെ വിമര്‍ശനം
ഇതിന് പിന്നാലെ പ്രതികരണവുമായി സജ്ഞയ് റാവുത്ത് രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ രണ്ട് സന്യാസിമാര്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയവത്കരിക്കാനോ വര്‍ഗീയ വല്‍ക്കരിക്കാനോ ശ്രമിക്കരുതെന്നായിരുന്നു സജ്ഞയ് റാവുത്തിന്റെ വിമര്‍ശനം. എന്നാല്‍ ഇന്ന് വൈകീട്ടോടെ സഞ്ജയ് റാവുത്തിന് മറുപടിയുമായി യോഗിയും രംഗത്തെത്തി.

യോഗിയുടെ മറുപടി
നിങ്ങള്‍ മഹാരാഷ്ട്രയിലെ കാര്യം നോക്കൂ. ഉത്തര്‍പ്രദേശിനെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടെന്നായിരുന്നു യോഗിയുടെ മറുപടി. സഞജയ് റാവുത്ത്, ഇത്തരം ആശയപരമായ വീക്ഷണങ്ങളെ കുറിച്ച് എന്താണ് പറയേണ്ടത് ? പാല്‍ഘറിലെ രണ്ട് സന്യാസിമാരെ കൊന്നൊടുക്കിയതുമായി ബന്ധപ്പെട്ട ആശങ്കയെയാണ് രാഷ്ട്രീയവത്കരണമായി നിങ്ങള്‍ പറയുന്നത്. നിങ്ങളുടെ മാറിയ രാഷ്ട്രീയ നിറങ്ങളുട പ്രതിഫലനങ്ങളാണ് നിങ്ങളുടെ ഇപ്പോഴത്തെ അഭിപ്രായങ്ങള്‍- യോഗി ട്വീറ്റില്‍ കുറിച്ചു.

ഇവിടെ നിയമവാഴ്ചയുണ്ട്
ഞങ്ങളുടെ സംസ്ഥാനത്തില്‍ നിയമവാഴ്ചയുണ്ട്. ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. ഇന്നലെ നടന്ന സന്യാസിമാരുടെ കൊലപാതകത്തില്‍ വളരെ പെട്ടെന്നാണ് നടപടി സ്വീകരിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഞങ്ങള്‍ കുറ്റവാളികളെ പിടിച്ചു. നിങ്ങള്‍ മഹാരാഷ്ട്രയിലെ കാര്യങ്ങള്‍ ശ്രദ്ധിക്കു..ഉത്തര്‍പ്രദേശിനെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട- യോഗി പറഞ്ഞു.












Click it and Unblock the Notifications