അയോധ്യയിൽ മന്ത്രിസഭ യോഗം വിളിച്ച് ചേർത്ത് യോഗി ആദിത്യനാഥ്; 14 പദ്ധതികൾക്ക് അംഗീകാരം
ലഖ്നൗ: അയോധ്യയിൽ മന്ത്രിസഭ യോഗം വിളിച്ച് ചേർത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ജനുവരിയിൽ നടക്കുന്നതിന് മുന്നോടിയായാണ് യോഗം വിളിച്ച് ചേർത്തത്.യോഗത്തിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട 14 പദ്ധതികൾക്ക് അംഗീകാരം നൽകിയതായി യോഗി ആദിത്യനാഥ് അറിയിച്ചു.
'ഇന്ന് ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി ചേർത്തിരിക്കുന്നു. യു പി സർക്കാരിന്റ മുഴുവൻ പ്രതിനിധികളും മന്ത്രിസഭ യോഗത്തിൽ അയോധ്യയിൽ എത്തിച്ചേർന്നിരുന്നു', യോഗി ആദിത്യനാഥ് പറഞ്ഞു. ജല ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി യു പിയിൽ ഉൾനാടൻ ജലപാത അതോറിറ്റി രൂപീകരിക്കണമെന്നതാണ് യോഗത്തിലെ ആദ്യ നിർദേശമെന്നും യോഗി മാധ്യമങ്ങളോട് വ്യക്തമാക്കി.

അയോധ്യയിലെ മജ ജംത്ര ഗ്രാമത്തിൽ 25 ഏക്കർ സ്ഥലത്ത് ഇന്ത്യൻ ടെംപിൾ ആർക്കിടെക്ചർ മ്യൂസിയം ,ഡ്രോൺ പോളിസി, അന്താരാഷ്ട്ര രാമായണ വേദിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി പല സുപ്രധാന പദ്ധതികൾക്കും മന്ത്രിസഭ യോഗത്തിൽ അംഗീകാരമായെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.
2024 ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കും. ട്രസ്റ്റ് അംഗങ്ങൾ പ്രധാനമന്ത്രിയെ കണ്ട് ക്ഷണം അറിയിച്ചിരുന്നു. നേരത്തേ ക്ഷേത്രത്തിന് തറക്കല്ലിട്ടതും മോദിയായിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ തനിക്ക് ക്ഷണം ലഭിച്ചുവെന്നും ജീവിതകാലത്ത് ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സാധിച്ചത് ഏറെ അനുഗ്രഹമായാണ് കാണുന്നതെന്നുമായിരുന്നു മോദി ട്വിറ്ററിലൂടെ പ്രതികരിച്ചത്.
2024 ലെ തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താനുള്ള ബി ജെ പിയുടെ തുറുപ്പ് ചീട്ടാണ് അയോധ്യയിലെ രാമക്ഷേത്രം. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് അയോധ്യ ക്ഷേത്രത്തിന്റെ ഉദ്ഘാടനം പൂർത്തിയാക്കി ഇന്ത്യൻ രാഷ്ട്രീയത്തിൽ സമ്പൂർണ മേധാവിത്വമാണ് ബി ജെ പി സ്വപ്നം കാണുന്നത്. വരാനിരിക്കുന്ന അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഇതിനോടകം തന്നെ ബി ജെ പി അയോധ്യ വിഷയം ചർച്ചയാക്കി കഴിഞ്ഞു. കേന്ദ്രത്തില്‍ മൂന്നാമൂഴമെന്ന ബി ജെ പിയുടെ സ്വപ്നത്തിന് മങ്ങലേല്‍പ്പിക്കുന്ന ഘടകങ്ങളെ മറികടക്കാൻ അയോധ്യ സഹായിക്കുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.












Click it and Unblock the Notifications