ജനപ്രിയ പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്; ആദ്യ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍
ന്യൂഡല്‍ഹി: രണ്ടാം തവണയും ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ആദ്യ മന്ത്രിസഭാ യോഗം ചേര്‍ന്നു. സൗജന്യ റേഷന്‍ പദ്ധതി മൂന്ന് മാസം കൂടി തുടരാന്‍ യോഗം തീരുമാനിച്ചു. പാവപ്പെട്ട ജനങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം എടുത്തതെന്ന് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് പ്രതികരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആനുകൂല്യങ്ങള്‍ വൈകാതെ ജനങ്ങളിലേക്ക് എത്തിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുപി നിയമസഭയുടെ പ്രോടേം സ്പീക്കറായി രാമപതി ശാസ്ത്രി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ലഖ്‌നൗവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. രാമപതി ശാസ്ത്രിയാകും ആദ്യ നിയമഭാ യോഗത്തിന് നേതൃത്വം വഹിക്കുക. പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ മുതല്‍ പുതിയ സ്പീക്കര്‍ ചുമതലയേല്‍ക്കുംവരെയുള്ള നടപടികള്‍ക്ക് രാമപതി ശാസ്ത്രി അധ്യക്ഷനാകും.

ജൂണ്‍ 30 വരെ സൗജന്യ റേഷന്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. പുതിയ തീരുമാനം 15 കോടി ജനങ്ങള്‍ക്ക് ഗുണമാണ് എന്ന് യോഗി ആദിത്യനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാസത്തില്‍ റേഷന്‍ കാര്‍ഡിലെ ഒരാള്‍ക്ക് അഞ്ച് കിലോ ധാന്യം അധികമായി നല്‍കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആദ്യമായി ഈ പദ്ധതി നടപ്പാക്കിയത് 2020ലാണ്. പിന്നീട് ഘട്ടങ്ങളായി തുടരുകയായിരുന്നു.
തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ്, മാര്‍ച്ച് വരെ പദ്ധതി തുടരുമെന്ന് ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യമിട്ടാണ് ഈ നീക്കം എന്ന് പ്രതിപക്ഷം ആരോപിച്ചു. തിരഞ്ഞെടുപ്പിന് ശേഷം യോഗി വീണ്ടും അധികാരത്തിലെത്തിയ പ്രഥമ മന്ത്രിസഭാ യോഗത്തില്‍ ആദ്യ തീരുമാനം സൗജന്യ റേഷന്‍ വീണ്ടും നീട്ടുക എന്നതാണ്. 37 വര്‍ഷത്തിന് ശേഷമാണ് യുപിയില്‍ അഞ്ച് വര്‍ഷം തികച്ച ഒരു മുഖ്യമന്ത്രി വീണ്ടും തിരഞ്ഞെടുപ്പ് നേരിട്ട് തുടര്‍ഭരണം നേടുന്നത്. ചരിത്രം കുറിച്ച ബിജെപി സര്‍ക്കാര്‍ 2024ലെ പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ഇനി നടത്തുക.
വെള്ളിയാഴ്ച വൈകീട്ടാണ് യുപിയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ദളിതര്‍ക്കും ഒബിസി വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ളതാണ് യോഗിയുടെ രണ്ടാം മന്ത്രിസഭ. ഒരു മുസ്ലിം മന്ത്രിയുമുണ്ട്. ഒബിസി, ദളിത് വിഭാഗങ്ങളെ കൂടെ നിര്‍ത്തിയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. 250 ലധികം സീറ്റ് നേടിയാണ് യോഗി സര്‍ക്കാര്‍ ഇത്തവണ അധികാരമേറ്റിരിക്കുന്നത്. 2017നേക്കാള്‍ സീറ്റ് കുറവാണ്. അഖിലേഷ് യാദവിന്റെ എസ്പിക്ക് ഇത്തവണ സീറ്റ് വര്‍ധിച്ചിട്ടുണ്ട്.












Click it and Unblock the Notifications