ദില്ലിയിലെത്തി യോഗി: പ്രധാനമന്ത്രി ഉള്‍പ്പടേയുള്ളവരുമായി കൂടിക്കാഴ്ച, ചർച്ചയില്‍ മന്ത്രിസഭ രൂപീകരണം
ദില്ലി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർ വിജയം നേടിയതിന് പിന്നാലെ ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . രണ്ട് ദിവസത്തെ ദേശീയ സന്ദർശനത്തിനിടെ അദ്ദേഹം ബി ജെ പി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, ബി ജെ പി ജനറൽ സെക്രട്ടറി (സംഘടന) ബിഎൽ സന്തോഷ് എന്നിവരുമായും ആദിത്യനാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു.
തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയാകാനിരിക്കെയാണ് ആദിത്യനാഥും ബി ജെ പിയുടെ ഉന്നത നേതൃത്വവും തമ്മിലുള്ള കൂടിക്കാഴ്ച. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ യോഗങ്ങളില്‍ ചർച്ചയാകും. സത്യപ്രതിജ്ഞാ തീയതിയും നേതാക്കൾ ചർച്ച ചെയ്തേക്കും. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദിത്യനാഥിന്റെ നേതൃത്വത്തിൽ തന്നെ പാർട്ടി പ്രചാരണം നടത്തുകയും ബി ജെ പി മികച്ച ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു. 403ൽ 255ലും ബി ജെ പി വിജയിച്ചപ്പോള്‍ എസ് പിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുയർത്താന്‍ കഴിഞ്ഞെങ്കിലും വിജയത്തിലെത്താന്‍ സാധിച്ചില്ല.

37 വർഷത്തിന് ശേഷം തുടർച്ചയായി അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് മാറിയതോടെ പാർട്ടിയിൽ അദ്ദേഹത്തിന്റെ റോളും ഉയർന്നതായി കരുതപ്പെടുന്നുണ്ട്. വെള്ളിയാഴ്ച ലഖ്‌നൗവിലെ പാർട്ടി ഓഫീസിൽ മന്ത്രിമാരുമായി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു. സന്യാസിയാ ആദിത്യനാഥ്, തന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോരഖ്പൂർ അർബൻ മണ്ഡലത്തിൽ നിന്ന് 1,03,390 ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 62,109 വോട്ടുകൾ നേടിയ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി സുഭാവതി ഉപേന്ദ്ര ദത്ത് ശുക്ലയെയാണ് പരാജയപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, രണ്ടാം യോഗി മന്ത്രിസഭയില്‍ അടിമുടി മാറ്റമുണ്ടാകുമെന്നുറപ്പാണ്. പുതുമുഖങ്ങള്‍ വരുമെന്ന സൂചനയാണ് ബി ജെ പി നല്‍കുന്നത്. ഭൂരിപക്ഷം കിട്ടിയതോടെ എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തിയുള്ള മന്ത്രിസഭയാണ് ബി ജെ പി കൊണ്ടുവരുന്നത്. മന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും അടക്കം മാറും. ജാതി സമവാക്യങ്ങളെ പൊളിച്ച് വോട്ട് നേടിയത് ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രധാനമായും പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും. അതിലൂടെ താക്കൂര്‍ മന്ത്രിസഭയെന്ന ധാരണ പൊളിക്കാനാണ് നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം..












Click it and Unblock the Notifications