നോയിഡ ഭീതിയെ പൊളിച്ച് യോഗി, അഖിലേഷിന്റെ അന്ധവിശ്വാസത്തിനും തിരിച്ചടി, അറിയാം കാരണം
ദില്ലി: ഉത്തര്‍പ്രദേശില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന ഒരു അന്ധവിശ്വാസത്തെ വിജയത്തോടെ പൊളിച്ചടുക്കിയിരിക്കുകയാണ് ബിജെപി. ഇതിന് നേതൃത്വം നല്‍കിയത് യോഗി ആദിത്യനാഥാണ്. അഖിലേഷ് യാദവ് തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉടനീളം ഭയന്നിരുന്ന ഒരു വിശ്വാസം കൂടിയായിരുന്നു ഇത്. നോയിഡയുമായി ബന്ധപ്പെട്ടുള്ള ഈ വിശ്വാസം യുപിയില്‍ മുമ്പ് മുഖ്യമന്ത്രിയായിരുന്നവരെല്ലാം പിന്തുടര്‍ന്നിരുന്നു.
എന്നാല്‍ യോഗി ആദിത്യനാഥിന്റെ മികവില്‍ ബിജെപി തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലേറിയതോടെ ഈ വിശ്വാസമെല്ലാം തകര്‍ന്നിരിക്കുകയാണ്. നോയിഡ ഭീതി എന്ന യുപി രാഷ്ട്രീയത്തിന്റെ രസകരമായ ആ അന്ധവിശ്വാസം തകര്‍ന്നത് എങ്ങനെയെന്ന് പരിശോധിക്കാം.

നോയിഡ ശാപം മറികടന്നാല്‍ മാത്രമേ യുപിയില്‍ ഭരിക്കാനാവൂ എന്നൊരു പഴഞ്ചൊല്ലുണ്ട്. മുന്‍ മുഖ്യന്ത്രി അഖിലേഷ് യാദവ് ഇത് പലപ്പോഴായി പറഞ്ഞതാണ്. ജനുവരിയില്‍ അത്തരം കാര്യങ്ങളായിരുന്നു യുപിയില്‍ നടന്നത്. നോയിഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇത് തോല്‍വിക്ക് മുമ്പുള്ള ലക്ഷണങ്ങളാണെന്ന് അഖിലേഷ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. നോയിഡ സന്ദര്‍ശിക്കുന്നവര്‍ക്ക് എന്ത് സംഭവിക്കുമെന്ന് നമുക്കറിയാം. ഇത്തവണ അവര്‍ രണ്ട് പേരും നോയിഡ സന്ദര്‍ശിക്കുന്നുണ്ട്. ഫലം വരുമ്പോള്‍ അതിന്റെ ഫലം ശരിക്കുമറിയാമെന്നും അഖിലേഷ് പരസ്യമായി തന്നെ പറഞ്ഞിരുന്നു.

യോഗി ആദിത്യനാഥും നരേന്ദ്ര മോദിയും 2017ല്‍ നോയിഡ സന്ദര്‍ശിച്ചിരുന്നു. 2021 നവംബറിലും ഇരുവരും വീണ്ടും നോയിഡയിലെത്തിയിരുന്നു. ഇതെല്ലാം വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായിരുന്നു. അതേസമയം യോഗി ആദിത്യനാഥിനെ ഈ അന്ധവിശ്വാസം ഭയപ്പെടുത്തുന്നുണ്ടെന്നായിരുന്നു പലരും വിചാരിച്ചത്. ഗൊരഖ്‌നാഥ് മഠത്തിലെ മുഖ്യ പുരോഹിതനായത് കൊണ്ട് ഈ വിശ്വാസത്തില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായ ശേഷം ഈ അന്ധവിശ്വാസത്തെ ആകെ തള്ളുന്ന യോഗിയെയാണ് കണ്ടത്. പല തവണ അദ്ദേഹം നോയിഡയിലെത്തുകയും ചെയ്തു.

നോയിഡ ഭയം യുപി രാഷ്ട്രീയത്തില്‍ വന്നത് 44 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 1988ല്‍ അന്നത്തെ മുഖ്യമന്ത്രി വീര്‍ ബഹാദൂര്‍ സിംഗിന് മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവെക്കേണ്ടത് വന്നതാണ് ഇത്തരമൊരു അന്ധവിശ്വാസത്തിന് തുടക്കമിട്ടത്. അന്ന് നോയിഡിയിലെ ന്യൂ ഓക്ല ഇന്‍ഡസ്ട്രിയല്‍ വികസന അതോറിറ്റി അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീര്‍ ബഹാദൂര്‍ സിംഗിന് രാജിവെക്കേണ്ടി വന്നത്. വീര്‍ ബഹാദൂറിന് പകരക്കാരനായി വന്ന നാരായണ്‍ ദത്ത് തിവാരിക്ക് 1989ല്‍ രാജിവെക്കേണ്ടി വന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കൊണ്ട് അദ്ദേഹവും നോയിഡയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ രണ്ട് പ്രമുഖര്‍ക്കും അധികാരം നഷ്ടമായത് പിന്നീടുള്ള മുഖ്യമന്ത്രിമാര്‍ക്ക് നോയിഡ ഭയം ഉണ്ടാക്കുകയായിരുന്നു.

അഖിലേഷിന്റെ പിതാവ് മുലായം സിംഗ് യാദവ്, ബിജെപി മുഖ്യമന്ത്രി കല്യാണ്‍ സിംഗ്, രാജ്‌നാഥ് സിംഗ്, എന്നിവരൊന്നും മുഖ്യമന്ത്രിയായിരിക്കെ നോയിഡ സന്ദര്‍ശിച്ചിരുന്നില്ല. ദില്ലി-നോയിഡ ഫ്‌ളൈ ഓവറിന്റെ ഉദ്ഘാടനം പോലും ദില്ലിയിലിരുന്നാണ് രാജ്‌നാഥ് സിംഗ് നിര്‍വഹിച്ചത്. 2001ലായിരുന്നു ഇത്. അഖിലേഷ് യാദവ് എഡിബിയുടെ ഉച്ചകോടിക്ക് പോലും ഇവിടെ പങ്കെടുക്കാന്‍ വന്നിരുന്നില്ല. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗായിരുന്നു ഈ ഉച്ചകോടിയിലെ മുഖ്യാതിഥി. 2013ലായിരുന്നു ഇത്. യമുന എക്‌സ്പ്രസ് വേ ലഖ്‌നൗവിലിരുന്നാണ് അഖിലേഷ് ഉദ്ഘാടനം ചെയ്തത്. ഗ്രേറ്റര്‍ നോയിഡ മുതല്‍ ആഗ്ര വരെ നീളുന്നതാണ് ഈ എക്‌സ്പ്രസ് വേ.

മായാവതി ഈ അന്ധവിശ്വാസത്തെ വെല്ലുവിളിച്ച് 2011ല്‍ നോയിഡ സന്ദര്‍ശിച്ചിരുന്നു. ദളിത് സ്മാരക് സ്ഥലം ഉദ്ഘാടനം ചെയ്യാനായിരുന്നു മായാവതി നോയിഡയിലെത്തിയത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം അവര്‍ തോറ്റു. ദില്ലി മെട്രോയുടെ മജന്ത ലൈന്‍ ഉദ്ഘാടനം ചെയ്യാനായിട്ടാണ് മോദിയും യോഗിയും 2017ല്‍ നോയിഡയിലെത്തിയത്. യോഗി അന്ധവിശ്വാസത്തെ തകര്‍ത്താണ് നോയിഡയിലെത്തിയതെന്ന് മോദി പറഞ്ഞിരുന്നു. മോദി ഇതിന് ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. പലപ്പോഴും നോയിഡയില്‍ എത്തിയിരുന്നു യോഗി. തനിക്ക് മുമ്പുള്ളവര്‍ നോയിഡയില്‍ എത്തിയിരുന്നില്ല. അവര്‍ക്ക് സ്വന്തം ജീവിതവും പദവികളും വലിയ പ്രാധാന്യമുള്ളത് കൊണ്ടാണ് ഇത് സംഭവിച്ചതെന്നും യോഗി കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം നോയിഡ ശാപം അഖിലേഷിനെ ഇത്തവണ വേട്ടയാടിയെന്ന് ഉറപ്പാണ്. ബിജെപിയുടെ സമ്മര്‍ദം കൂടിയപ്പോള്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ അഖിലേഷ് നോയിഡ സന്ദര്‍ശിച്ചിരുന്നു. അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണവും അഖിലേഷിനെതിരെ ഉയര്‍ന്നിരുന്നു. അന്ധവിശ്വാസം നോയിഡയെ കുറിച്ചുണ്ടെന്നും, എന്നാല്‍ താന്‍ 2011ല്‍ നോയിഡയില്‍ ഒരു സൈക്കിള്‍ യാത്ര നടത്തിയിരുന്നു. ആ വര്‍ഷം താന്‍ ജയിച്ചുവെന്നും അഖിലേഷ് ആ സന്ദര്‍ശനത്തില്‍ പറഞ്ഞിരുന്നു. മുലായം സിംഗ് നോയിഡ സന്ദര്‍ശിക്കാന്‍ പലപ്പോഴും വിസമ്മതിച്ചിരുന്നു. 2006ല്‍ നിതാരി കൂട്ടക്കൊല കേസ് വന്നിട്ടും മുലായം നോയിഡ സന്ദര്‍ശിച്ചിരുന്നില്ല.












Click it and Unblock the Notifications