രണ്ട് ഉപമുഖ്യമന്ത്രിമാര്‍, 50 മന്ത്രിമാര്‍, യോഗിയുടെ മന്ത്രിസഭയിലെ അംഗനില ഇങ്ങനെ
ദില്ലി: ഉത്തര്‍പ്രദേശില്‍ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. 2 ഉപമുഖ്യമന്ത്രിമാരാണ് ഇത്തവണയുണ്ടാവുക. കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും മൗര്യയെ തിരിച്ച് കൊണ്ടുവരികയായിരുന്നു പാര്‍ട്ടി നേതൃത്വം. ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ബ്രജേഷ് പഥക്. യോഗിയുടെ ആദ്യ സര്‍ക്കാരില്‍ നിയമ മന്ത്രിയായിരുന്നു അദ്ദേഹം. ബിജെപിയുടെ മുന്‍ എംപിയായിരുന്നു അദ്ദേഹം. 2017ലാണ് ബിഎസ്പിയില്‍ നിന്ന് അദ്ദേഹം ബിജെപിപിയിലെത്തിയത്. ദിനേശ് സര്‍മയ്ക്ക് പകരമാണ് അദ്ദേഹം ഉപമുഖ്യമന്ത്രിയാവുന്നത്. ദിനേശ് ശര്‍മ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

മൊത്തം 52 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞാ ചടങ്ങ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, എന്നിവരെല്ലാം സത്യപ്രതിജ്ഞയ്ക്കായി ലഖ്‌നൗവിലെ ഏകന സ്റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്. മന്ത്രിമാരില്‍ 16 പേര്‍ക്ക് ക്യാബിനറ്റ് പദവിയുണ്ട്. 14 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 20 സഹമന്ത്രിമാരും മന്ത്രിസഭയിലുണ്ട്. ഇതിലെ അഞ്ച് പേര്‍ വനിതകളാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് ഇത്തവണ മന്ത്രിയാകും.
ജാദവ സമുദായ നേതാവ് ബേബി റാണി മൗര്യ എന്നിവരും മന്ത്രിസഭയിലേക്ക് എത്തി. നിഷാദ് പാര്‍ട്ടി സഞ്ജയ് നിഷാദും മന്ത്രിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എകെ ശര്‍മയ്ക്കും മന്ത്രിസ്ഥാനം ലഭിച്ചു. രണ്ടാം യോഗി സര്‍ക്കാരില്‍ നിര്‍ണായക പദവിയിലേക്ക് അദ്ദേഹം എത്തിയേക്കുമെന്നാണ് കരുതുന്നത്. സൂര്യ പ്രതാപ് ഷഹി, സുരേഷ് കുമാര്‍ ഖന്ന, ലക്ഷ്മി നാരായണ്‍ ചൗധരി, ജയവീര്‍സിംഗ്, ധര്‍മപാല്‍സിംഗ്, നന്ദഗോപാല്‍ നന്ദി, ഭൂപേന്ദ്ര സിംഗ് ചൗധരി, അനില്‍ രാജ്ബര്‍, ജിതിന്‍ പ്രസാദ, രാകേഷ് സച്ചന്‍, അരവിന്ദ് കുമാര്‍ ശര്‍മ, യോഗേന്ദ്ര ഉപാധ്യായ, ആശിഷ് പട്ടേല്‍, എന്നിവരാണ് മന്ത്രിമാര്‍.
പതിനായിരങ്ങളാണ് ലഖ്‌നൗവിലെ ചടങ്ങില്‍ പങ്കെടുത്തത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, കങ്കണ റനാവത്ത്, ബോണി കപൂര്‍, തുടങ്ങിയ താരങ്ങളും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരാണ്. വിവാദ ഹിന്ദി ചിത്രം കശ്മീര്‍ ഫയല്‍സിന്റെ അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. മുന്‍ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവ്, മായാവതി, എസ്പി നേതാവ് മുലായ് സിംഗ് യാദവ്, എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍എല്‍ഡി അധ്യക്ഷന്‍ ജയന്ത് ചൗധരിയെ ചടങ്ങിന് ക്ഷണിച്ചിട്ടില്ല. 255 സീറ്റുകള്‍ നേടിയാണ് ബിജെപി യുപിയില്‍ അധികാരം രണ്ടാമതും പിടിച്ചത്.












Click it and Unblock the Notifications