യോഗി സർക്കാർ യുപിയിൽ നിയമവാഴ്ച സാധ്യമാക്കി; ക്രിമിനിലുകളെ പുറത്ത് നിർണമെന്ന് മോദി
ലഖ്നൗ; സമാജ് വാദി പാര്‍ട്ടിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റൗഡികളും കലാപകാരികളും ഉത്തർപ്രദേശിലേക്ക് മടങ്ങിവരില്ലെന്നും യോഗി സർക്കാർ സംസ്ഥാനത്ത് ക്രമസമാധാനം ശക്തിപ്പെടുത്തിയെന്നും മോദി പറഞ്ഞു. പടിഞ്ഞാറൻ യു പിയിലെ 'ജന്‍ ചൗപാല്‍' പരിപാടിയിൽ വെർച്വലായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പുറത്തുനിർത്തണം. പുതുചരിത്രം കുറിക്കാനുള്ളതാണ് ഈ തെരഞ്ഞെടുപ്പ്. റൗഡികൾക്കും കലാപകാരികൾക്കും സ്വാതന്ത്ര്യം നൽകിയ സർക്കാർ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് സംസ്ഥാനത്തെ പെൺമക്കളെയാണ്. ഉത്തർപ്രദേശിൽ റൗഡികളുടെയും കലാപകാരികളുടെയും ഭരണം തിരിച്ചുവരില്ലെന്ന് ബി ജെ പി ഉറപ്പ് പറയുന്നു. യോഗി ആദിത്യനാഥ് സർക്കാർ കുറ്റവാളികളോടും മാഫിയകളോടും ശക്തമായി ഇടപെട്ടിട്ടുണ്ടെന്നും അവർക്ക് അനുകൂലമായ സർക്കാർ അധികാരത്തിൽ വന്നാൽ ജനങ്ങളെ കൊണ്ട് പ്രതികാരം ചെയ്യിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രമസമാധാനപാലനത്തിനായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒന്നരലക്ഷത്തോളം റിക്രൂട്ട്‌മെന്റുകളാണ് പോലീസ് വകുപ്പിൽ നടന്നത്. 15 വർഷത്തിനിടെ 1.25 ലക്ഷം റിക്രൂട്ട്‌മെന്റുകൾ മാത്രമാണ് നടന്നത്.2017-ന് മുമ്പ് ഉത്തർപ്രദേശിൽ 12000-ൽ താഴെ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. എന്നാൽ യോഗി സർക്കാർ 20,000 വനിതാ പോലീസുകാരെ റിക്രൂട്ട് ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി സാമൂഹിക വിരുദ്ധരെ മത്സരിപ്പിക്കുകയാണെന്ന് ആരോപിച്ച പ്രധാനമന്ത്രി മോദി, അധികാരത്തിലെത്തിയാൽ കർഷകർക്കും പാവപ്പെട്ടവർക്കും കേന്ദ്രം നൽകുന്ന ആനുകൂല്യങ്ങൾ 'വ്യാജ സമാജ്‌വാദികൾ' തകർക്കുമെന്നും പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തെ ഇരട്ട എഞ്ചിൻ സർക്കാരിന്റെ "ഇരട്ട നേട്ടങ്ങൾ" മോദി ഉയർത്തിക്കാട്ടി.അഞ്ച് വർഷം മുമ്പ് വരെ ഈ 'മാഫിയവാദികൾ കേന്ദ്ര പദ്ധതികളുടെ പ്രയോജനം പാവപ്പെട്ടവർക്കും ദലിതർക്കും പിന്നാക്കക്കാർക്കും എത്തിക്കാൻ അനുവദിച്ചിരുന്നില്ല. കേന്ദ്രത്തിന്റെ പദ്ധതികളിൽ ഒന്നും പറയാനില്ലാത്തതിനാലും അഴിമതി നടത്താൻ കഴിയാത്തതിനാലും അവർക്കിപ്പോൾ ഒന്നും സാധിക്കുന്നില്ല. സാമൂഹിക വിരുദ്ധർക്കാണ് സമാജ്വാദി പാർട്ടി ടിക്കറ്റ് നൽകുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും വോട്ട് ചെയ്യ് ഇവർക്ക് മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
എഴ് ഘട്ടങ്ങളിലായാണ് യു പിയിൽ ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10 നാണ് ഫലം പുറത്തുവരിക. 2017 ൽ 312 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി അധികാരത്തിലേറിയത്. 403 അംഗ നിയമസഭയിൽ 47 സീറ്റായിരുന്നു സമാജ്വാദി പാർട്ടിക്ക് ലഭിച്ചത്.












Click it and Unblock the Notifications