പണം നിക്ഷേപിക്കാൻ ഇതിലും നല്ല ഓപ്ഷൻ ഇല്ല; പലിശയായി കിട്ടും ലക്ഷങ്ങൾ
സുരക്ഷിതവും റിസ്ക് ഇല്ലാത്തതുമായ നിക്ഷേപം ആഗ്രഹിക്കുന്നവർ നമുക്ക് ചുറ്റും ഏറെയാണ്. ഇന്ന് പലതരം നിക്ഷേപ സാധ്യതകൾ മുന്നിൽ ഉണ്ടെങ്കിലും സുരക്ഷിതത്വമാണ് ഏവരെയും അലട്ടുന്നത്. എന്നാൽ ഏറെ സുരക്ഷിതവും മികച്ച റിട്ടേൺസും ഉള്ള ഓപ്ഷനുകളിൽ ഒന്നാണ് പോസ്റ്റ് ഓഫീസിന്റെ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC) പദ്ധതി. കേന്ദ്ര സർക്കാർ ഗ്യാരണ്ടി നൽകുന്ന ഈ പദ്ധതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിക്ഷേപം നടത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. റിപ്പോർട്ടുകൾ പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതിയിൽ 9.12 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ മറ്റ് പ്രത്യേകതകൾ നമുക്ക് നോക്കാം.

നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീമിന്റെ കാലാവധി 5 വർഷമാണ്. നിലവിൽ 7.7% പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. വെറും 1,000 രൂപ മുതൽ നമുക്ക് നിക്ഷേപം ആരംഭിക്കാം. അതുപോലെ നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല. നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ച് എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം പ്രതിവർഷം 1.5 ലക്ഷം രൂപ വരെ നികുതി ഇളവും നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ ഈ പദ്ധതിയിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 5 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ 4,49,034 രൂപ പലിശ ഇനത്തിൽ മാത്രം ലഭിക്കും. അതായത് കാലാവധി കഴിയുമ്പോൾ ആകെ 14,49,034 രൂപ നിങ്ങളുടെ കയ്യിൽ ഇരിക്കും.
ഇന്ത്യൻ പൗരനായ ഏതൊരാൾക്കും, അടുത്തുള്ള പോസ്റ്റ് ഓഫീസ് വഴി ഈ അക്കൗണ്ട് തുടങ്ങാം. ഓൺലൈൻ ബാങ്കിംഗ് വഴിയും അക്കൗണ്ട് തുടങ്ങാൻ സാധിക്കും പക്ഷെ അതിന് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ഉണ്ടായിരിക്കണം. എന്നാൽ NRI ഇന്ത്യക്കാർ , കമ്പനികൾ, ട്രസ്റ്റുകൾ എന്നിവയ്ക്ക് ഈ പദ്ധതിയിൽ ചേരാൻ സാധിക്കില്ല. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും വായ്പയ്ക്കായി ഈടായി (collateral) നൽകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും നിങ്ങൾക്ക് ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം അല്ലെങ്കിൽ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications