പാകിസ്താനിലെ മുസ്ലീങ്ങള്‍ക്ക് എന്തിനാണ് പൗരത്വം, ഇന്ത്യന്‍ മുസ്ലീങ്ങളാരും ഭയക്കേണ്ടെന്ന് അമിത് ഷാ!!
ദില്ലി: പൗരത്വ ബില്‍ കൊണ്ടുവരാനുള്ള കാരണങ്ങള്‍ രാജ്യസഭയില്‍ വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയിലെ ഒരു മുസ്ലീം പോലും ഈ ബില്ലില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷം പറയുന്നത് മുസ്ലീങ്ങളെ മാത്രമാണ് ബില്ലില്‍ നിന്ന് ഒഴിവാക്കിയതെന്നാണ്. അത് ഇന്ത്യക്ക് പ്രതിസന്ധികളുണ്ടാക്കുമെന്നും പറഞ്ഞു. എന്നാല്‍ അവരെ എങ്ങനെയാണ് ഞങ്ങള്‍ ഉള്‍പ്പെടുത്തുകയെന്നും അമിത് ഷാ ചോദിച്ചു.
പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും ബംഗ്ലാദേശിലെയും മുസ്ലീങ്ങള്‍ക്ക് ഞങ്ങള്‍ പൗരത്വം നല്‍കണമെന്നാണോ നിങ്ങളുടെ ആവശ്യപ്പെട്ടു. ലോകത്തുള്ള എല്ലാ മുസ്ലീങ്ങള്‍ക്കും ഇന്ത്യക്ക് പൗരത്വം നല്കാന് സാധിക്കുമോ. അതെങ്ങനെയാണ് സാധ്യമാകുക. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ ഈ സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്നും അമിത് ഷാ ചോദിച്ചു. അതേസമയം പൗരത്വ ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരെയാണെന്ന് ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം മതത്തിന്റെ പേരില്‍ അവഗണിക്കപ്പെട്ടവര്ക്കോ, അതിക്രമങ്ങള്‍ നേരിടുന്നവര്‍ക്കോ സംരക്ഷണം ഒരുക്കാനാണ് ബില്‍ കൊണ്ടുവന്നത്. അത്തരം ജനവിഭാഗം ലക്ഷക്കണക്കിനോ കോടിക്കണക്കിനോ ഉണ്ട്. അവര്‍ എവിടെ പോകും. അവര്‍ക്ക് ജീവിക്കാനുള്ള അവകാശമില്ലേ. അവരെ പൗരന്മാരായി കാണേണ്ടതില്ലേ. ഈ ബില്ലില്‍ ഉള്ള ആശങ്കകള്‍ പ്രതിപക്ഷ നിരയില്‍ നിന്നും ഭരണപക്ഷത്തില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
ഇത് ആരെയും ഭയപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബില്‍ അല്ല. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ ആരും പ്രശ്നങ്ങളിലേക്ക് പോകേണ്ടതില്ല. മണിപ്പൂരിനെ ഇക്കാര്യം അറിയിച്ചതാണ്. അസമിലും അങ്ങനെ തന്നെ. ബിജെപി നോര്‍ത്ത് ഈസ്റ്റ് ജനതയുടെ എല്ലാ താല്പര്യങ്ങളും സംരക്ഷിക്കും. ഞങ്ങള്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങള്‍ ഈ ബില്‍ അവതരിപ്പിച്ചിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
പൗരത്വ ബില്‍ ഒരു ഇന്ത്യൻ മുസ്ലിമിനെയും ബാധിക്കില്ലെന്ന് അമിത് ഷാ; ഭരണഘടനാ ലംഘനമെന്ന് കോണ്‍ഗ്രസ്