പശ്ചിമബംഗാളിൽ ബിജെപി പ്രവർത്തകനെ കൊന്ന് കെട്ടിത്തൂക്കി; ബിജെപിയിൽ പ്രവർത്തിച്ചാൽ ഇതായിരിക്കും ഫലം...
കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം.
കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി. പുരുലിയ ജില്ലയിലെ സുപുർദി ഗ്രാമത്തിലെ ബിജെപി പ്രവർത്തകനായ ത്രിലോചൻ മഹതോവിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 20കാരനായ ത്രിലോചൻ പ്രദേശത്തെ സജീവ ബിജെപി പ്രവർത്തകനാണ്. കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം.

കഴിഞ്ഞദിവസം രാവിലെയാണ് ത്രിലോചൻ മഹാതോവിന്റെ മൃതദേഹം വീടിനടുത്തുള്ള മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. നൈലോൺ കയർ ഉപയോഗിച്ച് കെട്ടിത്തൂക്കിയ മൃതദേഹത്തിൽ നിന്ന് ചില കുറിപ്പുകളും കണ്ടെത്തിയിരുന്നു. '' പതിനെട്ട് വയസ് മുതൽ ബിജെപിയിൽ പ്രവർത്തിച്ചതിനുള്ള ഫലമാണിത്. നീ വോട്ട് ചെയ്യാൻ ആരംഭിച്ചനാൾ മുതൽ നിന്നെ കൊല്ലാൻ ശ്രമിച്ചിരുന്നു. പക്ഷേ, നടന്നില്ല. ഇന്ന് നീ മരിച്ചു'' എന്നാണ് കുറിപ്പിൽ എഴുതിയിരുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുപുർദി ഗ്രാമം ഉൾപ്പെടുന്ന ബലരാംപൂർ ബ്ലോക്ക് പഞ്ചായത്തിൽ ബിജെപിക്കായിരുന്നു വിജയം. തൃണമൂൽ കോട്ടയായിരുന്ന ബലരാംപൂർ ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് ഗ്രാമ പഞ്ചായത്തിലും ബിജെപി ഭരണം പിടിച്ചെടുത്തിരുന്നു. ഇതിലുള്ള വിരോധവും പകയുമാണ് ത്രിലോചന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ബംഗാളിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്ത ഗുണ്ടകൾ ഒരു ചെറുപ്പക്കാരനായ ബിജെപി പ്രവർത്തകനെ കൊന്ന് കെട്ടിത്തൂക്കിയിരിക്കുന്നുവെന്നാണ് അമിത് ഷാ ട്വിറ്ററിൽ കുറിച്ചത്.












Click it and Unblock the Notifications