ഓണ്‍ലൈനിലൂടെ 17,000 രൂപയുടെ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ബാര്‍ സോപ്പും ബിസ്‌ക്കറ്റും
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റില്‍ നിന്ന് ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് ബാര്‍ സോപ്പും ബിസ്‌ക്കറ്റും. ഫെബ്രുവരി 13 ന് സൗത്ത് ഡല്‍ഹിയിലെ ഷെയ്ഖ് സരായ്യിലാണ് സംഭവം. ഷെയ്ഖ് സരായ്യിലെ ഒരു കോളജില്‍ ജോലി ചെയ്യുന്ന യുവാവാണ് പറ്റിക്കപ്പെട്ടത്.
ഫെബ്രുവരി 11 നാണ് ഒരു ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റ് വഴി യുവാവ് ഫോണിന് ഓര്‍ഡര്‍ നല്‍കിയത്. അടുത്ത ദിവസം, ഡെലിവറി ബോയ് എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ ഫോണില്‍ വിളിക്കുകയും അതിനടുത്ത ദിവസം ഫോണ്‍ ഡെലിവറി ചെയ്യാന്‍ യുവാവ് നിര്‍ദേശിക്കുകയും ചെയ്തു. അന്നേ ദിവസം, ഷോപ്പിങ് വെബ്സൈറ്റിന്റെ പേരും ഉല്‍പ്പന്നത്തിന്റെ വിശദാംശങ്ങളും അടങ്ങുന്ന ബോക്സ് വീട്ടിലെത്തിക്കുകയും ചെയ്തു.

തുടര്‍ന്ന് യുവാവ് ഫോണിന്റെ വിലയായ 16,680 രൂപ യു.പി.ഐ സംവിധാനം വഴി അടയ്ക്കുകയും ചെയ്തു. പിന്നീട് ബോക്‌സ് തുറന്നപ്പോഴാണ് പറ്റിക്കപ്പെട്ടതായി അറിഞ്ഞത്. അതിനുള്ളില്‍ ഒരു ബാര്‍ സോപ്പും ബിസ്‌ക്കറ്റ് പാക്കറ്റുമായിരുന്നു. ഡെലിവറി ബോയിയെ വിളിച്ചപ്പോള്‍, ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റില്‍ പരാതിപ്പെട്ടാല്‍ ഫോണ്‍ ലഭിക്കുമെന്ന് മറുപടി നല്‍കുകയും ചെയ്തു.
പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. കമ്പനിക്ക് ഇ-മെയില്‍ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. പിന്നീട്, പരാതിക്കാരന്‍ ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണുമായി മറ്റൊരു ഡെലിവറി ബോയ് എത്തി, 16,680 രൂപ അധികമായി നല്‍കണമെന്ന് ആവശ്യപ്പെട്ടു.
'ഇത്തരത്തിലുള്ള തട്ടിപ്പ് തന്നെ വളരെയധികം അത്ഭുതപ്പെടുത്തിയതായി യുവാവ് പറഞ്ഞു. താന്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തതായി തട്ടിപ്പുകാര്‍ എങ്ങനെ അറിഞ്ഞെന്നും ഡെലിവറി ബോയിക്ക് തന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എങ്ങനെ ലഭിച്ചെന്നുമാണ് യുവാവ് ചോദിക്കുന്നത്. സംഭവത്തില്‍ യുവാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications