20 ലക്ഷം രൂപ ശമ്പളമുളള സർക്കാർ ജോലി രാജി വെച്ച് യുവാവ്, ടോയ്ലറ്റിൽ പോകാൻ പോലും പറ്റുന്നില്ലെന്ന് പരാതി!
ഇന്ത്യയിലെ ഭൂരിഭാഗം യുവാക്കളും ഏറെ കൊതിക്കുന്ന ഒന്നാണ് സുരക്ഷിതത്വമുള്ള ഒരു സർക്കാർ ജോലി. എന്നാൽ ലക്ഷങ്ങൾ ശമ്പളമുള്ള അത്തരമൊരു ജോലി കേവലം രണ്ടര വർഷത്തെ സേവനത്തിന് ശേഷം ഒരു ഇരുപത്തിയഞ്ചുകാരൻ ഉപേക്ഷിച്ച വാർത്തയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ (ബിപിസിഎൽ) പ്രതിവർഷം 20 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന എഞ്ചിനീയറായിരുന്ന സൗരബ് മിത്തൽ എന്ന യുവാവാണ് രാജിവെച്ചത്. ജോലിയിലെ കടുത്ത മാനസിക സമ്മർദ്ദവും മോശം സാഹചര്യങ്ങളുമാണ് കാരണമെന്ന് മിത്തൽ പറയുന്നു. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഈ ജോലിയിൽ പ്രവേശിച്ചപ്പോൾ വലിയൊരു നേട്ടമായാണ് സൗരബ് ഇതിനെ കണ്ടിരുന്നത്. എന്നാൽ ജോലിയിൽ പ്രവേശിച്ച ശേഷമുള്ള അനുഭവങ്ങൾ താൻ വിചാരിച്ചതിലും തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് സൗരബ് തുറന്ന് പറയുന്നു.
തനിക്ക് ജോലി ചെയ്യേണ്ടി വന്ന സിലിഗുരിയിലെ വെയർഹൗസിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഉണ്ടായിരുന്നില്ലെന്നാണ് യുവാവിന്റെ പ്രധാന പരാതി. ജീവനക്കാർക്ക് ഉപയോഗിക്കാൻ കൃത്യമായ ശുചിമുറിയോ കുടിവെള്ളമോ അവിടെ ലഭ്യമായിരുന്നില്ല. വെയർഹൗസിലെ പല സൗകര്യങ്ങളും തകരാറിലായ നിലയിലായിരുന്നു. ഈ പ്രശ്നങ്ങളെക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.

ഓഫീസ് സമയങ്ങളിൽ പോലും പ്രാഥമിക ആവശ്യങ്ങൾക്കായി സ്വന്തം വീട്ടിലേക്ക് പോകേണ്ടി വരുന്ന അവസ്ഥയായിരുന്നു തനിക്കെന്ന് സൗരബ് പറയുന്നു. കടുത്ത അടിസ്ഥാന സൗകര്യ വികസന കുറവിന് പുറമെ ഓഫീസിലെ തൊഴിൽ സംസ്കാരവും ഏറെ അടിച്ചമർത്തുന്നതായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥർ ജീവനക്കാരോട് മോശമായി പെരുമാറുകയും അനാവശ്യമായി ദേഷ്യപ്പെടുകയും ചെയ്യുന്നത് അവിടെ പതിവായിരുന്നു.
ഇതിനെല്ലാം പുറമെ മുതിർന്ന ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിമാനത്താവളങ്ങളിൽ പോയി അവരെ കൂട്ടിക്കൊണ്ടുവരികയും ഹോട്ടൽ ബുക്കിംഗുകൾ ചെയ്തു നൽകുകയും പോലുള്ള കാര്യങ്ങൾ ചെയ്യാനും താൻ നിർബന്ധിതനായിട്ടുണ്ടെന്ന് സൗരബ് വെളിപ്പെടുത്തുന്നു.
ഓഫീസ് സമയം കഴിഞ്ഞാലും ജോലിയിൽ നിന്നുള്ള സമ്മർദ്ദം അവസാനിച്ചിരുന്നില്ല. അർദ്ധരാത്രിയിലും വാരാന്ത്യ അവധി ദിവസങ്ങളിലും പോലും ജോലി സംബന്ധമായ ഫോൺ കോളുകൾ വരുന്നത് പതിവായിരുന്നു. അടിയന്തിര ഘട്ടങ്ങളിൽ പോലും ലീവ് അനുവദിക്കാൻ അധികൃതർ മടികാണിച്ചു. അതേസമയം കഠിനാധ്വാനം ചെയ്തിട്ടും സ്ഥാനക്കയറ്റവും ശമ്പളവർദ്ധനവും വളരെ പതുക്കെ മാത്രമാണ് ലഭിച്ചിരുന്നത്.
തന്റെ ജീവിതം മുഴുവൻ ഇത്തരമൊരു സാഹചര്യത്തിൽ ജീവിച്ചു തീർക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഈ ജോലി ഉപേക്ഷിക്കാൻ സൗരബ് തീരുമാനിച്ചത്. തനിക്ക് ചുറ്റുമുള്ള ഭൂരിഭാഗം ജീവനക്കാരും പ്രായം കൂടിയവരായിരുന്നതിനാൽ അവിടെ വ്യക്തിപരമായ വളർച്ചയ്ക്കോ പുതിയ കാര്യങ്ങൾ പഠിക്കാനോ ഉള്ള സാധ്യതകൾ വളരെ കുറവാണെന്നും സൗരബ് തിരിച്ചറിഞ്ഞു. എന്നാൽ ഉയർന്ന ശമ്പളമുള്ള ഈ സർക്കാർ ജോലി രാജിവെക്കുക എന്നത് സൗരബിന്റെ കുടുംബത്തിന് എളുപ്പത്തിൽ അംഗീകരിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല.
സർക്കാർ ജോലിയുടെ സുരക്ഷിതത്വവും സമൂഹത്തിൽ ലഭിക്കുന്ന അന്തസ്സും കണക്കിലെടുത്ത് മകന്റെ ഈ തീരുമാനത്തിൽ അച്ഛന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. താൻ എന്തോ വലിയ കുറ്റം ചെയ്തതുപോലെയുള്ള അന്തരീക്ഷമാണ് ജോലി രാജിവെച്ചപ്പോൾ വീട്ടിൽ ഉണ്ടായതെന്നും എങ്കിലും സ്വന്തം മാനസികാരോഗ്യത്തിനും സമാധാനത്തിനും വേണ്ടിയാണ് ഈ കടുത്ത തീരുമാനമെടുത്തതെന്നും യുവാവ് വ്യക്തമാക്കുന്നു.














Click it and Unblock the Notifications