സെയ്ഫ് അലി ഖാന്‍ കേസ്: പൊലീസ് സംശയിച്ചതിന്റെ പേരില്‍ ജോലി പോയെന്ന് യുവാവ്, വിവാഹവും മുടങ്ങി
മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ സംശയത്തിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ ജീവിതം പ്രതിസന്ധിയില്‍. 31 കാരനായ ആകാശ് കനോജിയ ആണ് നീതി തേടി സെയ്ഫ് അലി ഖാനെ കാണാനിരിക്കുന്നത്. ജനുവരി 16 നാണ് സെയ്ഫ് അലി ഖാന് സ്വന്തം വീട്ടില്‍ വെച്ച് കുത്തേറ്റത്. ഈ സംഭവത്തില്‍ ജനുവരി 18 ന് ആകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഛത്തീസ്ഗഡിലെ ദുര്‍ഗ് സ്റ്റേഷനില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ആണ് ആകാശിനെ കസ്റ്റഡിയിലെടുത്തത്. മുംബൈ പൊലീസ് നല്‍കിയ സൂചനയെ തുടര്‍ന്ന് ആകാശ് കനോജിയയെ കസ്റ്റഡിയിലെടുത്തെങ്കിലും യഥാര്‍ത്ഥ പ്രതിയായ ബംഗ്ലാദേശ് പൗരന്‍ ഷെരീഫുള്‍ ഇസ്ലാം ജനുവരി 19 ന് താനെയില്‍ വെച്ച് അറസ്റ്റിലായതതോടെ ആകാശ് കനോജിയയെ ശേഷം വിട്ടയയ്ക്കുകയായിരുന്നു.

പൊലീസ് തെറ്റായി തന്നെ കേസില്‍ ഉള്‍പ്പെടുത്തിയതോടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞെന്ന് ആകാശ് പറഞ്ഞു. 'മുംബൈ പൊലീസിന്റെ ഒരു തെറ്റ് എന്റെ ജീവിതം നശിപ്പിച്ചു. ഞാന്‍ പ്രധാന പ്രതിയാണെന്ന് അവകാശപ്പെട്ട് മാധ്യമങ്ങള്‍ എന്റെ ചിത്രങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ എന്റെ കുടുംബം കണ്ണീരില്‍ മുങ്ങി. സിസിടിവി ദൃശ്യങ്ങളിലെ ആളോട് രൂപസാമ്യം ഉണ്ട് എന്നത് കൊണ്ടാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്,' ആകാശ് പറഞ്ഞു.
എന്നാല്‍ തനിക്ക് മീശയുണ്ട് എന്നും സിസിടിവി ദൃശ്യങ്ങളിലുള്ള ആള്‍ക്ക് മീശയില്ല എന്നും പൊലീസ് ശ്രദ്ധിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. തനിക്കെതിരെ കഫ് പരേഡില്‍ രണ്ട് കേസുകളും ഗുഡ്ഗാവില്‍ ഒരു കേസുമുണ്ട് എന്നും എന്നാല്‍ അതിനര്‍ത്ഥം എന്നെ മറ്റ് കേസുകളില്‍ സംശയാസ്പദമായി വലിച്ചിഴച്ചിടാം എന്നല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ജോലിയും നിശ്ചയുറപ്പിച്ച വിവാഹവും നഷ്ടപ്പെട്ടു എന്നും ആകാശ് പറഞ്ഞു.
ജോലി തേടി സെയ്ഫ് അലി ഖാന്റെ വീടിന് പുറത്ത് സമരമിരിക്കുമെന്നും അദ്ദേഹത്തിന് അപകടകം സംഭവിച്ചത് കാരണം തനിക്ക് എല്ലാം നഷ്ടപ്പെട്ടു എന്നും ആകാശ് പറഞ്ഞു. അതേസമയം സംഭവത്തെത്തുടര്‍ന്ന് സെയ്ഫ് അലി ഖാന്റെ വീടിനും താരദമ്പതികള്‍ക്കും താല്‍ക്കാലിക പൊലീസ് സംരക്ഷണം നല്‍കിയിട്ടുണ്ട്. 54 കാരനായ സെയ്ഫ് അലി ഖാന്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.
ആറ് തവണ കുത്തേറ്റ സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ജനുവരി 21 നാണ് സെയ്ഫ് അലി ഖാനെ ഡിസ്ചാര്‍ജ് ചെയ്തത്. സെയ്ഫിന് ഒരാഴ്ചത്തെ പരിപൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.












Click it and Unblock the Notifications