ജാതിയുടെ പേരില്‍ അന്നദാനത്തില്‍ നിന്ന് യുവതിയെ പുറത്താക്കി; യുവതിക്കൊപ്പം ഭക്ഷണം കഴിച്ച് മന്ത്രി
ചെന്നൈ: ക്ഷേത്രങ്ങള്‍ വഴി സര്‍ക്കാര്‍ നല്‍കുന്ന അന്നദാന ചടങ്ങില്‍ ജാതിയുടെ പേരില്‍ പുറത്താക്കപ്പെട്ട അശ്വിനിയുടെ വീഡിയോ വൈറലായതോടെ ഇടപെട്ട് തമിഴ്‌നാട് സര്‍ക്കാര്‍. യുവതിക്കൊപ്പം അതേ ക്ഷേത്രത്തില്‍ ദേവസ്വം മന്ത്രി ഭക്ഷണം കഴിച്ചാണ് മറുപടി നല്‍കിയത്. ദേവസ്വം വകുപ്പിന് കീഴിലുള്ള സ്തലശയന പെരുമാള്‍ ക്ഷേത്രത്തില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം.
സര്‍ക്കാര്‍ വക ക്ഷേത്രങ്ങള്‍ വഴി നടത്തുന്ന അന്നദാനത്തില്‍ പങ്കെടുക്കാനെത്തിയതാണ് തമിഴ്‌നാട് മാമല്ലപുരത്ത് നരിക്കുറുവ വിഭാഗത്തില്‍പ്പെട്ട അശ്വിനി. അന്നദാനം നടക്കുന്ന സ്ഥലത്തേക്ക് കയറാന്‍ പോലും യുവതിയെ ക്ഷേത്ര ജീവനക്കാര്‍ അനുവദിച്ചില്ല. ബാക്കിയുള്ള ഭക്ഷണം ക്ഷേത്രത്തിന് വെളിയിലേക്ക് നല്‍കുമെന്നായിരുന്നു ക്ഷേത്ര ജീവനക്കാര്‍ പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ വഴി പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന സൗജന്യ അന്നദാനം പദ്ധതിയില്‍ നിന്നാണ് അശ്വിനിയെ പുറത്താക്കിയത്.

ആരുടേയും സ്വകാര്യമായ ചടങ്ങില്‍ നിന്ന് ഭക്ഷണം കഴിക്കാനല്ല എത്തിയതെന്നും എന്തുകൊണ്ടാണ് തനിക്ക് ഇത്തരം പെരുമാറ്റം നേരിടേണ്ടി വന്നതെന്നുമാണ് അശ്വിനി വീഡിയോയിലൂടെ ചോദിച്ചത്. ഇത് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരാന്‍ കാരണമായി. സ്ത്രീകള്‍ അടക്കമുള്ള എല്ലാ ജാതിക്കാര്‍ക്കും പൂജാരികളാവാം എന്ന ഡിഎംകെ സര്‍ക്കാരിന്റെ തീരുമാനത്തിന് നേരത്തെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തരം നടപടികളുടെ പ്രസക്തി കെടുത്തുന്ന സംഭവമായിരുന്നു നരിക്കുറുവ വിഭാഗത്തിലുള്ള യുവതിക്ക് അന്നദാനം നിഷേധിച്ചതെന്നും സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ പറഞ്ഞു. ക്ഷേത്രത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന അന്നദാനത്തില്‍ പങ്കെടുക്കാനെത്തിയ അശ്വിനിയേയും ഒപ്പമുള്ളവരേയും ക്ഷേത്രജീവനക്കാര്‍ കമ്പ് കൊണ്ട് അടിച്ച് ഓടിക്കുകയായിരുന്നുവെന്നും അശ്വിനി പറഞ്ഞു.

കുഞ്ഞു നിളയോടൊപ്പം പേളി മാണിയുടെ യോഗ; വാവ എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍
പിന്നീട് സര്‍ക്കാര്‍ വകുപ്പിന് കീഴിലുള്ള ക്ഷേത്രത്തില്‍ തനിക്കും തന്റെ വിഭാഗത്തിലുമുള്ളവര്‍ക്കുമുണ്ടായ അപമാനത്തേക്കുറിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിച്ച്‌കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. അശ്വിനിയുടെ വീഡിയോ വൈറലായതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ ഇടപെട്ടത്. ദേവസ്വം വകുപ്പില്‍ നിന്നും ക്ഷേത്ര ജീവനക്കാരില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം മന്ത്രി നേരിട്ടെത്തി യുവതിക്കൊപ്പമിരുന്ന് അന്നദാനത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസമാണ് മന്ത്രി അശ്വിനിക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചത്. അശ്വിനി സന്തോഷവതിയാണെന്നും മുഖ്യമന്ത്രിയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുവെന്നും തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു പറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ഭാഗമായി 754 ക്ഷേത്രങ്ങളിലൂടെയാണ് സൗജന്യ അന്നദാനം നടക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ നടന്ന അന്നദാനത്തില്‍ അശ്വിനിക്കും ഒപ്പമുള്ളവര്‍ക്കും പ്രവേശനം നല്‍കിയതായി ദേവസ്വം കമ്മീഷണര്‍ പി ജയരാമന്‍ മന്ത്രിയെ നേരത്തെ അറിയിച്ചു.

ഇതിന് പിന്നാലെ നടന്ന പെരുമാള്‍ ക്ഷേത്ര സന്ദര്‍ശനത്തിലാണ് അശ്വിനിക്കൊപ്പം മന്ത്രി ഭക്ഷണം കഴിച്ചത്. അന്നദാനത്തില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങളും നല്‍കിയാണ് മന്ത്രി മടങ്ങിയത്. ക്ഷേത്രങ്ങള്‍ വഴിയുള്ള സൗജന്യ അന്നദാനത്തിനായി 63 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത്.












Click it and Unblock the Notifications