'അങ്ങ് നന്നായി തിളങ്ങുന്നുണ്ടല്ലോ'? മുഖം പൊത്തി പ്രധാനമന്ത്രി; ചര്‍മ സംരക്ഷണത്തെക്കുറിച്ച് മോദിയുടെ മറുപടി
ന്യൂഡല്‍ഹി: ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയുടെ രസകരമായ നിമിഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാണ്‍ മാര്‍ഗില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. വിശ്വകിരീടം നേടിയ താരങ്ങളെ പ്രധാനമന്ത്രി അനുമോദിക്കുകയും ചെയ്തു.
കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിയുമായി വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ നടത്തിയ ആശയവിനിമയത്തിനിടയിലെ രസകരമായ നിമിഷങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. പ്രധാനമന്ത്രിയുടെ ചര്‍മ സംരക്ഷണ ദിനചര്യയെ കുറിച്ചായിരുന്നു ഇന്ത്യന്‍ ടീമിലെ ഓള്‍റൗണ്ടറായ ഹര്‍ലീന്‍ ഡിയോളിന് ചോദിക്കാന്‍ ഉണ്ടായിരുന്നത്. ഹര്‍ലിന്റെ കുസൃതി നിറഞ്ഞ ചോദ്യം കേട്ടപ്പോള്‍ പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് മുഖം പൊത്തുകയും ചെയ്തു.

പ്രധാനമന്ത്രിയോട്, താങ്കള്‍ നന്നായി തിളങ്ങുന്നുണ്ടല്ലോ എന്ന് പ്രശംസിച്ച ശേഷമാണ് ഹര്‍ലീന്‍ ചര്‍മസംരക്ഷണ ദിനചര്യയെ കുറിച്ച് ചോദിച്ചത്. ചോദ്യം കേട്ടപ്പോള്‍ മുറിയാകെ ചിരി കൊണ്ട് നിറയുകയും ചെയ്തു.
ഹര്‍ലീന്റെ ചോദ്യത്തിന് പ്രധാനമന്ത്രി മോദിയുടെ മറുപടി ഇങ്ങനെയായിരുന്നു, 'ഞാന്‍ അതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല'. ജനങ്ങളുടെ സ്‌നേഹമാണ് പ്രധാനമന്ത്രിയുടെ മുഖത്ത് പ്രകാശിക്കുന്നത് എന്നായിരുന്നു ഓള്‍റൗണ്ടറായ സ്‌നേഹ് റാണ അഭിപ്രായപ്പെട്ടത്. തീര്‍ച്ചയായും അത് അങ്ങനെ തന്നെയാണെന്ന് പ്രധാനമന്ത്രി മറുപടി പറഞ്ഞു. അത് ശക്തിയുടെ ഒരു വലിയ ഉറവിടമാണ്. ഞാന്‍ സര്‍ക്കാരില്‍ ധാരാളം വര്‍ഷങ്ങള്‍ സേവനം ചെയ്തിട്ടുണ്ട്.
അനുഗ്രഹങ്ങള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. അത് ഒടുവില്‍ എന്നില്‍ പ്രതിഫലിക്കുന്നു. ഞായറാഴ്ചയാണ് നവി മുംബൈയില്‍ നടന്ന ഐസിസി വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ വിജയകിരീടം ചൂടിയത്.
2017 ലും ഞങ്ങള്‍ അങ്ങയെ വന്നു കണ്ടത് ഇപ്പോഴും ഓര്‍മ്മയുണ്ടെന്ന് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. ആ സമയത്ത് ട്രോഫിയുമായി വരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ ഇത്തവണ വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായി ട്രോഫി കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്കേറെ അഭിമാനം ഉണ്ടെന്നും അവര്‍ പറഞ്ഞു.
ഭാവിയിലും ഞങ്ങള്‍ അങ്ങയെ വീണ്ടും വന്ന് കാണുകയും അങ്ങേയ്ക്ക് ഒപ്പം നിന്ന് ഞങ്ങളുടെ ടീം ഫോട്ടോ എടുക്കുകയും ചെയ്യും. അതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഹര്‍മന്‍പ്രീത് കൗര്‍ കൂട്ടിച്ചേര്‍ത്തു. 2017 വനിതാ ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് ഒന്‍പത് റണ്‍സിനാണ് പരാജയപ്പെട്ടത്. അതിനു ശേഷം ടീം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതാണ് ടീം ക്യാപ്റ്റന്‍ പരാമര്‍ശിച്ചത്.
നിങ്ങള്‍ മികച്ച ജോലിയാണ് നിര്‍വഹിച്ചതെന്നും ഇന്ത്യയില്‍ ക്രിക്കറ്റ് വെറുമൊരു കളി അല്ലെന്നും അത് ജനങ്ങളുടെ ജീവിതമാണെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ക്രിക്കറ്റില്‍ നല്ലത് സംഭവിക്കുമ്പോള്‍ ഇന്ത്യയ്ക്കു മുഴുവന്‍ അത് നല്ലതായി അനുഭവപ്പെടുന്നു. ഇനി അതല്ല ക്രിക്കറ്റില്‍ ചെറിയ തെറ്റ് സംഭവിച്ചാല്‍ മുഴുവന്‍ ഇന്ത്യയ്ക്കും അത് മോശമായി അനുഭവപ്പെടുന്നു. ഇന്നലെ പ്രധാനമന്ത്രിയുമായി ടീം അംഗങ്ങള്‍ നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോ ഇന്നാണ് പുറത്തുവന്നത്.












Click it and Unblock the Notifications