തേനീച്ചയുടെ കുത്തേറ്റ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു; പൊലീസ് സ്റ്റേഷന്‍ കത്തിച്ച് നാട്ടുകാര്‍
ബേട്ടിയ: ബീഹാറില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചതിനെ തുടര്‍ന്ന് വന്‍ സംഘര്‍ഷം. ബീഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് സംഭവം. വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ബേട്ടിയയിലാണ് സംഘര്‍ഷം ഉടലെടുത്തത്. അനിരുദ്ധ് യാദവ് എന്നയാളുടെ കസ്റ്റഡി മരണത്തിലെ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ശനിയാഴ്ച രാവിലെയാണ് അനിരുദ്ധ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു ഡി ജെ ഗ്രൂപ്പിന്റെ ഭാഗമായ അനിരുദ്ധ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തിയ വീട്ടുകാരാണ് അനിരുദ്ധ് യാദവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ശാരീരിക പീഡനമാണ് അനിരുദ്ധ് യാദവിന്റെ മരണത്തിന് കാരണ എന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവം അറിഞ്ഞ് എത്തിയ നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴി മാറുകയായിരുന്നു. പൊലീസുകാരെ ആക്രമിച്ച പ്രദേശവാസികള്‍ വലിയ നാശനഷ്ടമാണുണ്ടാക്കിയത്. പൊലീസ് സ്റ്റേഷന് പ്രതിഷേധക്കാര്‍ തീയിടുകയും പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അനിരുദ്ധ് യാദവിന്റെ മരണത്തില്‍ രോഷാകുലരായ ഗ്രാമീണര്‍ പൊലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. മൂന്ന് പോലീസ് വാഹനങ്ങള്‍ ബേട്ടിയയിലെ ബല്‍ത്തര്‍ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ വെച്ച് തന്നെ നാട്ടുകാര്‍ കത്തിക്കുകയും ചെയ്തു. നാട്ടുകാരുടെ ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണെന്നും എന്നാല്‍ നിയന്ത്രണ വിധേയമാണെന്നും ബേട്ടിയയിലെ പോലീസ് സൂപ്രണ്ട് ഉപേന്ദ്ര നാഥ് വര്‍മ്മ പറഞ്ഞു. എന്നാല്‍, അനിരുദ്ധ് യാദവ് എന്നയാളെ കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്തകള്‍ വര്‍മ്മ നിഷേധിച്ചു. പൊലീസ് സ്റ്റേഷനില്‍ തേനീച്ചയുടെ കുത്തേറ്റാണ് അദ്ദേഹം മരിച്ചത്, തേനീച്ചകളുടെ കുത്തേറ്റ യാദവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു എന്ന് ഉപേന്ദ്ര നാഥ് വര്‍മ്മ അവകാശപ്പെട്ടു.
കൊല്ലപ്പെട്ട പൊലീസുകാരന്‍ രാം ജതന്‍ സിംഗാണെന്ന് ഉപേന്ദ്ര നാഥ് വര്‍മ്മ പറഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ പൊലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications