തല കുനിക്കാനുളളതല്ല യൗവനം, ജെൻസീ പോരാട്ടത്തിന്റെ നെടുംതൂണായ അഭിജീത് ദീപ്‌കെ
2026 ജൂണ്‍ 6ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഒരു കയ്യില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് വന്നിറങ്ങിയ 30കാരനായ ഒരു യുവാവ് വെറും ഒരു മാസം കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിനെ മുട്ടുകുത്തിക്കുമെന്ന് അന്ന് ആരെങ്കിലും പറഞ്ഞിരുന്നുവെങ്കില്‍ എല്ലാവരും ചിരിച്ചേനെ. മെയ് 16ന് എക്‌സില്‍ പാറ്റകളെല്ലാം ഒരുമിച്ചങ്ങ് വന്നാലോ എന്ന് കുറിക്കുമ്പോള്‍ ഇങ്ങനെയൊരു ദിവസം ഉണ്ടാകുമെന്ന് ഒരുപക്ഷേ അഭിജീത് ദീപ്‌കെയും പ്രതീക്ഷിച്ച് കാണില്ല.
എന്നാല്‍ അത് സംഭവിച്ചിരിക്കുന്നു. നിശ്ചയദാര്‍ഢ്യം കൈമുതലാക്കിയ ഒരു ചെറുപ്പക്കാരന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍, തല കുനിക്കാനുളളതല്ല യൗവനമെന്ന് പുതിയ തലമുറയ്ക്ക് മുന്നില്‍ നിന്ന് കാണിച്ച് കൊടുത്തപ്പോള്‍ ഇളകാത്ത കോട്ട കൊത്തളങ്ങളൊക്കെ വിറയ്ക്കുന്നത് രാജ്യം കണ്ടു. രാജി വെയ്ക്കുന്നത് ഞങ്ങള്‍ക്ക് പറഞ്ഞിട്ടുളളതല്ലെന്ന അധികാര ഗര്‍വ്വൊക്കെ അഭിജീതിനും അയാൾക്ക് പിന്നില്‍ അണി നിരന്ന ജെന്‍സിക്കും മുന്നില്‍ തലകുനിക്കുന്നതിനും രാജ്യം ഇന്നത്തെ ദിവസം സാക്ഷിയായി.

ധര്‍മേന്ദ്ര പ്രധാന്റെ രാജി വാര്‍ത്ത സമരക്കാര്‍ ആഘോഷിക്കുമ്പോള്‍ അഭിജീത്ത് പറഞ്ഞതില്‍ ശ്രദ്ധേയമായ ചിലതുണ്ട്. ''എന്നെ നിങ്ങള്‍ ഹീറോ ആക്കരുത്, ഒരാളെ ഹീറോ ആക്കിയതിന്റെ ഫലമാണിപ്പോള്‍ രാജ്യം അനുഭവിക്കുന്നത്'' എന്ന്. പക്ഷേ ജെന്‍സി മാത്രമല്ല മില്ലനിയല്‍സും അഭിജീത്തിനെ പുതിയ കാലത്തിന്റെ, ചോദ്യം ചോദിക്കുകയും ഉത്തരം വാങ്ങിച്ചെടുക്കുകയും ചെയ്യുന്ന പുതുതലമുറയുടെ ഹീറോ ആയി തിരഞ്ഞെടുത്ത് കഴിഞ്ഞു.
ആദ്യം സോഷ്യല്‍ മീഡിയയില്‍ ഒരു ആക്ഷേപ ഹാസ്യ പേജായി ആണ് അഭിജീത് കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് തുടക്കമിടുന്നത്. എന്നാല്‍ സിജെപിക്ക് ലഭിച്ച പിന്തുണ അമ്പരപ്പിക്കുന്നതായിരുന്നു. നിലവിലെ വ്യവസ്ഥിതിയോടുളള യുവാക്കളുടെ രോഷം അതില്‍ പ്രകടമായിരുന്നു. അതിന് പിന്നാലെ കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് സിജെപി ഒരു പ്രസ്ഥാനമായി വളര്‍ന്നതും ജന്തര്‍ മന്തറിലേക്ക് പടര്‍ന്നതും.
അഹിംസയും ഭരണഘടനയുമാണ് അഭിജീത്ത് നീറ്റ് സമരത്തിന്റെ തുടക്കം മുതല്‍ക്കേ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. മുഖത്തടിയേറ്റു, ദേഹത്ത് മഷിയൊഴിച്ചു, രാജ്യദ്രോഹിയെന്നും വിദേശ ഏജന്റെന്നുമുളള അധിക്ഷേപങ്ങള്‍ കേട്ടു, പലപ്പോഴും ആരോഗ്യം തളര്‍ത്തി.. എന്നിട്ടൊന്നും സമരമുഖത്ത് നിന്ന് അഭിജീത്ത് പിന്മാറിയില്ല. ഇത്ര കഠിനമായ പോരാട്ടം ജീവിതത്തിൽ തന്നെ ആദ്യമായിട്ടും അതൊന്നും ആ ചെറുപ്പക്കാരനിലെ സമരവീര്യം കെടുത്താന്‍ പോന്നതായിരുന്നില്ല.
ആരാണ് അഭിജീത്ത് ദീപ്‌കെ?
മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ഒരു ദളിത് കുടുംബത്തിലാണ് അഭിജീത് ദീപ്‌കെയുടെ ജനനം. പൂനെയില്‍ മാധ്യമപ്രവര്‍ത്തനത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ അഭിജീത്ത് ഉപരിപഠനത്തിനായി അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലേക്ക് പോയി. പബ്ലിക് റിലേഷന്‍സിലാണ് അഭിജീത് മാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കിയത്.
2020നും 2022നും ഇടയില്‍ അഭിജീത് ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീമില്‍ പ്രവര്‍ത്തിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടി വിജയിച്ച 2020ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മീമുകള്‍ ഉപയോഗിച്ച് കൊണ്ടുളള സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് അഭിജീത് ആയിരുന്നു. 2023ല്‍ അഭിജീത് ആം ആദ്മി പാര്‍ട്ടി വിട്ട് ഔറംഗാബാദിലേക്ക് പോയി ഉപരിപഠനത്തിനായുളള തയ്യാറെടുപ്പുകളിലേക്ക് കടന്നു. ബോസ്റ്റണിലിരിക്കെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വിവാദ പ്രസ്താവന വരുന്നതും അഭിജീത് പ്രതികരിക്കുന്നതും പിന്നീട് അതൊരു വിപ്ലവ മുന്നേറ്റമായി വളരുന്നതും.


Click it and Unblock the Notifications