പ്രണയത്തിൽ നിന്ന് പിന്മാറി : പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
ഗാന്ധിനഗർ : പ്രണയത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവതിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ഗോധ്ര സ്വദേശിയായ തൃഷ സോളാങ്കിയെയാണ് കൊലപ്പെടുത്തിയത്. കേസിൽ പ്രതിയായ 23കാരനായ യുവാവ് കൽപേഷ് ഠാക്കൂറിനെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.
ദേശിയപാത 48ന് സമീപത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് യുവാവ് ആക്രമണം നടത്തിയത്. കൃത്യം നടത്തിയ ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അതിലൂടെ വന്ന മറ്റൊരു സ്‌ത്രീയാണ് യുവതിയെ കൊല്ലപ്പെട്ട രീതിയിൽ ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ നിന്ന് സ്‌ത്രീയുടെ വസ്‌ത്രത്തിൽ നിന്ന് ആധാർ കാർഡ് കണ്ടെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ തിരിച്ചറിഞ്ഞത്.

യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതും മറ്റൊരാളുമായി അടുപ്പം പുലർത്തിയതുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. യുവാവ് മൂന്ന് വർഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നു. യുവതി സ്വന്തം നാട്ടിൽ പോയി തിരികെ വന്ന ശേഷം അടുപ്പം കാണിച്ചില്ല. കൂടാതെ മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് യുവാവ് അറിഞ്ഞു. തന്നെ അവഗണിച്ചപ്പോൾ താൻ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

യുവാവ് പെൺകുട്ടിയെ വിളിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പെൺകുട്ടി ചൊവ്വാഴ്‌ച വൈകിട്ട് യുവാവ് നിർദേശിച്ച പ്രകാരം സ്ഥലത്തെത്തിയത്. നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിൽ താൻ ജീവനൊടുക്കും എന്നായിരുന്നു യുവാവ് പെൺകുട്ടിയെ ധരിപ്പിച്ചത്. കല്‍പേഷിന്റെ ഭീഷണിയെ തുടർന്നാണ് നഗരത്തിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് നേരിട്ട് കാണാമെന്ന് തൃഷ സമ്മതിച്ചത്.

കൽപേഷ് സുഹൃത്തിനൊപ്പം ബൈക്കിലാണ് സ്ഥലത്തെത്തിയത്. തുടർന്ന് സുഹൃത്തിനോട് കാത്ത് നിൽക്കാൻ ആവശ്യപ്പെട്ട ശേഷം പ്രതി യുവതിയുടെ സ്‌കൂട്ടറിൽ കയറി പോകുകയായിരുന്നു. തുടർന്ന് ദേശീയപാതയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് ഇരുവരും എത്തിയത്. മറ്റൊരാളുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്നും താനുമായുള്ള ബന്ധം തുടരണമെന്നും പ്രതി ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നായിരുന്നു തൃഷയുടെ മറുപടി. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ കല്‍പേഷ് ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ആയുധം പുറത്തെടുത്ത് യുവതിയെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.

പ്രതി യുവതിയുടെ കഴുത്തിലാണ് ആദ്യം വെട്ടിയത്. തടയാന്‍ ശ്രമിച്ചപ്പോള്‍ കൈയ്ക്കും വെട്ടേറ്റു. കൈ വെട്ടിമാറ്റിയ പ്രതി ശരീരമാസകലം വെട്ടിപരിക്കേല്‍പ്പിച്ച് മരണം ഉറപ്പാക്കി. സംഭവത്തിന് ശേഷം യുവതിയുടെ സ്‌കൂട്ടറുമായി ഹൈവേയിലെത്തിയ പ്രതി, സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം സുഹൃത്തിന്റെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. യുവതിയുടെ മൊബൈല്‍ ഫോണും ഇയാളുടെ കൈവശമുണ്ടായിരുന്നു. വീട്ടിലെത്തിയ ശേഷം രക്തംപുരണ്ട വസ്ത്രമെല്ലാം മാറ്റി കുളിച്ചു. തൃഷയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌ത ശേഷം പ്രതി ബൈക്കിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചതായും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications