വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ശത്രുവിന്റെ കാറിന് തീയിട്ടു; കത്തിനശിച്ചത് പാര്‍ക്കിംഗ് ബേയിലെ 20 കാറുകള്‍
ന്യൂദല്‍ഹി: വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ഒരാളുടെ കാര്‍ കത്തിച്ച യുവാവ് പിടിയില്‍. ന്യൂദല്‍ഹിയിലെ സുഭാഷ് നഗര്‍ സ്വദേശിയായ 23 കാരനായ യാഷ് അറോറ എന്നയാളാണ് പൊലീസ് പിടിയിലായത്. ഇയാളുടെ ചെയ്തിയില്‍ പാര്‍ക്കിംഗ് ബേയിലെ 20 ഓളം കാറുകളാണ് പൂര്‍ണമായി കത്തിനശിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ സിവിക് ബോഡി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് ആണ് യാഷ് അറോറ തീയിട്ടത്. ഇഷാന്‍ എന്ന് പേരുള്ളയാളുടെ എര്‍ട്ടിഗ കാറിനാണ് ഇയാള്‍ തീയിട്ടത്. എന്നാല്‍ പാര്‍ക്കിംഗ് ബേയിലെ മറ്റ് കാറുകളിലേക്കും തീ പടരുകയായിരുന്നു.

20 കാറുകള്‍ പൂര്‍ണമായി കത്തിനശിച്ചു. പുലര്‍ച്ചെ 4.30 ഓടെയാണ് തീപിടുത്തത്തെ കുറിച്ച് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ഏഴ് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്ത് എത്തി ആണ് തീ അണച്ചത്. സംഭവത്തില്‍ ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ വെളുത്ത ഹോണ്ട സി ആര്‍ വിയില്‍ വന്ന് പാര്‍ക്ക് ചെയ്തിരുന്ന എര്‍ട്ടിഗയുടെ ടയറിന് തീയിടുന്നത് കാണാമായിരുന്നു. ഇയാള്‍ പിന്നീട് ഇതേ കാറില്‍ പോയി. ഈ കാറിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യാഷ് അറോറ പിടിയിലായത്.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ എര്‍ട്ടിഗയുടെ ഉടമയായ ഇഷാനോട് പ്രതികാരം ചെയ്യാനാണ് കാറിന് തീയിട്ടത് എന്ന് യാഷ് അറോറ സമ്മതിച്ചിട്ടുണ്ട്. അതേസമയം സംഭവം കൂടുതല്‍ അന്വേഷണം നടന്നുവരികയാണ് എന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications