രാഹുൽ ഗാന്ധിക്ക് പിറന്നാൾ ആശംസ പങ്കുവെച്ച് വൈഎസ് ശർമിള; ട്വീറ്റ് കോൺഗ്രസുമായുള്ള ലയന അഭ്യൂഹങ്ങൾക്കിടെ
ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് പിറന്നാൾ ആശംസയുമായി വൈ എസ് ആർ ടി പി അധ്യക്ഷ വൈഎസ് ശർമിള. രാഹുലിന് സർവ്വാരോഗ്യ മംഗങ്ങൾ നേരുന്നുവെന്നും ജനങ്ങളെ ആത്മാർത്ഥമായി ഇനിയും സേവിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ശർമിള ട്വീറ്റ് ചെയ്തു. കോൺഗ്രസ്-വൈ എസ് ആർ ടി പി ലയനം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെയാണ് ശർമിളയുടെ ആശംസയെന്നത് ശ്രദ്ധേയമാണ്.
'ശ്രീ രാഹുൽ ഗാന്ധിക്ക് സന്തോഷകരവും മനോഹരവുമായ ജന്മദിനം ആശംസിക്കുന്നു. താങ്കളുടെ ക്ഷമാശീലവും സ്ഥിരോത്സാഹവും ഇനിയും ആളുകൾക്ക് പ്രചോദനമാകട്ടെ, താങ്കൾക്ക് ഇനിയും ആത്മാർത്ഥമായി ജനങ്ങളെ സേവിക്കാൻ സാധിക്കട്ടെ. എല്ലാവിധ ആരോഗ്യവും സന്തോഷവും വിജയവും നേരുന്നു', ശർമിള ട്വീറ്റിൽ പറഞ്ഞു.

അടുത്ത തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് വൈ എസ് ആർ ടി പി കോൺഗ്രസിൽ ലയിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ കുറച്ചുനാളുകളായി ശക്തമാണ്. കോൺഗ്രസുമായി ഇത് സംബന്ധിച്ച് ശർമിള ചർച്ച നടത്തുന്നുണ്ടെന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ലയനം സാധ്യമായാൽ ശർമിളക്കും അടുത്ത അനുയായികൾക്കും തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്നാണ് കോൺഗ്രസ് വാഗ്ദാനമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. ഖമ്മം ജില്ലയിലെ പലൈർ മണ്ഡലത്തിൽ നിന്നും ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശർമിള നേരത്തേ വ്യക്തമാക്കിയിരുന്നു.
കെ ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിലുള്ള ബി ആർ എസിനെ താഴെയിറക്കാൻ ആരുമായും സഖ്യത്തിന് തയ്യാറാണെന്ന് ശർമിള പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു വൈഎസ് രാജേശഖര റെഡ്ഡിയുടെ മകളായ ശർമിളയുടെ പാർട്ടിയുമായി കോൺഗ്രസ് ലയന സാധ്യതകൾ തേടിയത്. വൈഎസ് രാജശേഖര റെഡ്ഡിയെ സ്നേഹിക്കുന്ന നിരവധി പേർ തെലങ്കാനയിലുണ്ട്. ഈ പിന്തുണ ശർമിളയ്ക്ക് സംസ്ഥാനത്ത് ലഭിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. ഈ സാഹചര്യത്തിലാണ് ശർമിളയുമായി നേതൃത്വം ചർച്ച ആരംഭിച്ചത്.
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറുമാണ് ശർമിളയുമായി ചർച്ച നടത്തുന്നത്. കഴിഞ്ഞ മാസം ഡികെ ശിവകുമാർ ശർമിളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കർണാടകയിലെ വിജയത്തിൽ അന്ന് കോൺഗ്രസിനേയും ഡികെയുടെ നേതൃത്വത്തേയും ശർമിള അളവറ്റ് പ്രശംസിച്ചിരുന്നു. ലയനം സാധ്യമായാൽ തെലങ്കാനയ്ക്കൊപ്പം ആന്ധ്രയിലും മുന്നേറ്റം ഉണ്ടാക്കാൻ കോൺഗ്രസിന് സാധിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. രാജ്യസഭ സീറ്റ് ഉൾപ്പെടെ ശർമിളക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.












Click it and Unblock the Notifications