പാർട്ടിയില്‍ ചേർന്ന് ദിവസങ്ങള്‍ മാത്രം; വൈഎസ് ശർമ്മിള എപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്
അമരാവതി: ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി (എ പി സി സി) പ്രസിഡന്റ് ജി രുദ്ര രാജു രാജിവെച്ചു. വൈ എസ് ശർമിളയെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് നിലവിലെ പി സി സി അധ്യക്ഷന്റെ രാജിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പി സി സി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന വൈഎസ് ശർമ്മിള ലോക്സഭ തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും സഹോദരൻ വൈ എസ് ജഗൻ മോഹൻ റെഡ്ഡി നയിക്കുന്ന വൈ എസ് ആർ കോണ്‍ഗ്രസിനെ സംസ്ഥാനത്ത് നേരിടും.
"അതെ, ഇന്ന് അദ്ദേഹം പി സി സി അധ്യക്ഷ സ്ഥാനം (രുദ്ര രാജു) രാജിവച്ചു," ആന്ധ്രാപ്രദേശ് കോൺഗ്രസ് നേതാവ് ജംഗ ഗൗതം വാർത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു. ശർമിളയെ ആന്ധ്രാപ്രദേശ് പി സി സി പ്രസിഡന്റായി നിയമിക്കാനും അവരുടെ ജ്യേഷ്ഠനും വൈ എസ് ആർ സി പി തലവനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ അവരെ മത്സരിപ്പിക്കാനും ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എ ഐ സി സി) ഒരു സൂചന നൽകിയതായി രുദ്ര രാജു പറഞ്ഞു.

ആൻഡമാൻ നിക്കോബാർ ദ്വീപുകളായാലും മറ്റെവിടെയായാലും കോൺഗ്രസ് പാർട്ടി തന്നെ മത്സരിപ്പിക്കാന്‍ തയ്യാറാകുന്ന എല്ലായിടത്തും പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഷർമ്മിള നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ പി സി സി പ്രസിഡന്റിനെ പാർട്ടി പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
അടുത്തിടെ, രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ, ശർമിള തന്റെ വൈഎസ്ആർ തെലങ്കാന പാർട്ടിയെ (വൈ എസ് ആർ ടി പി) കോൺഗ്രസിൽ ലയിപ്പിക്കുകയും ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. 13 വർഷത്തിന് ശേഷമാണ് വൈഎസ് ശർമ്മിള കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഏറ്റവും ശക്തമായ നീക്കമായിട്ടാണ് വൈഎസ് ശർമ്മിളയെ പാർട്ടിയിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതിലൂടെ മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ വൈ എസ് രാജശേഖർ റെഡ്ഡിയുടെ പൈതൃകവും രാഷ്ട്രീയ പാരമ്പര്യവും അവകാശപ്പെടാനും കോണ്‍ഗ്രസിന് സാധിക്കും. വൈ എസ് രാജശേഖർ റെഡ്ഡിയുടെ മരണത്തിന് പിന്നാലെ കോണ്‍ഗ്രസുമായി അദ്ദേഹത്തിന്റെ കുടുംബം തെറ്റിപ്പിരിയുകയായിരുന്നു. ഇതിന് ശേഷമാണ് മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി വൈഎസ്ആർ കോണ്‍ഗ്രസ് രൂപീകരിക്കുന്നതും ആന്ധ്രയില്‍ അധികാരം പിടിക്കുന്നതും. ആദ്യഘട്ടത്തില്‍ സഹോദരി ശർമ്മിളയും ജഗന്റെ പാളയത്തിലായിരുന്നു. എന്നാല്‍ പിന്നീട് തെറ്റിപ്പിരിഞ്ഞ് സ്വന്തം പാർട്ടി രൂപീകരിച്ചു.
വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പില്‍ ശർമ്മിളയെ മുന്നില്‍ നിർത്തിയായിരിക്കും കോണ്‍ഗ്രസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ നേരിടുക. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളായി വിഭജിച്ചതിന് ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ കേവലം 2 ശതമാനത്തിൽ താഴെ വോട്ടുകളുള്ള പാർട്ടിയായി ചുരുങ്ങിപ്പോയ കോൺഗ്രസിന് ജീവൻ പകരുക എന്നതാണ് ഷർമിളയുടെ മുന്നിലുള്ള ഏറ്റവും പ്രധാന ദൗത്യം.












Click it and Unblock the Notifications