തൃണമൂല്‍ വിട്ടതോടെ 'രാശി തെളിഞ്ഞു'; യൂസഫ് പത്താന് ഭൂമി സ്വന്തമാക്കും, ബിജെപി സര്‍ക്കാരിന്റെ ഇളവ്
ക്രിക്കറ്റ് താരവും ലോക്‌സഭാ എംപിയുമായ യൂസഫ് പത്താന്റെ 14 വര്‍ഷമായി തര്‍ക്കത്തിലുള്ള ഭൂമിയുടെ കുരുക്ക് അഴിഞ്ഞു. ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ഭൂമി യൂസഫ് പത്താന് അനുവദിക്കുന്നതില്‍ അനുകൂല തീരുമാനം എടുത്തു. ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ് പത്താന്‍. ഇദ്ദേഹം മമതയുമായി ഉടക്കി വിമതപക്ഷം ചേര്‍ന്ന 20 എംപിമാരില്‍ ഒരാളാണ്.
മമതയെ കൈവിട്ട് മാസങ്ങള്‍ കഴിയവെയാണ് താരത്തിന് അനുകൂലമായി ബിജെപി സര്‍ക്കാരിന്റെ തീരുമാനം. 20 എംപിമാര്‍ കളംമാറിയത് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പാര്‍ലമെന്റില്‍ ദുര്‍ബലമാക്കിയിരുന്നു. നാഷണലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന കക്ഷിയുടെ ഭാഗമായിട്ടാണ് വിമത എംപിമാര്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ബിജെപിക്ക് അനുകൂലമായിട്ടാണ് ഇവരുടെ നിലപാട്.

യൂസഫ് പത്താന് ഗുജറാത്തിലെ വഡോദരയില്‍ ആഡംബര വസതിയുണ്ട്. ഇതിനോട് ചേര്‍ന്ന 978 ചതുരശ്ര മീറ്റര്‍ ഭൂമി സ്വന്തമാക്കാന്‍ താരം ശ്രമം തുടങ്ങിയത് 2012ലാണ്. താരത്തിന്റെ ആവശ്യം വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ആ വര്‍ഷം മാര്‍ച്ച് 30നും ജൂണ്‍ എട്ടിനും ചര്‍ച്ച ചെയ്യുകയും 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഉടക്കിട്ടു.
പൊതുലേലം നടത്താതെ ഭൂമി കൈമാറ്റം സാധ്യമല്ലെന്ന് 2014ല്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ തീരുമാനം എടുത്തു. 2024ല്‍ സ്ഥലത്തെ കൈയേറ്റം ഒഴിപ്പിക്കാന്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തീരുമാനിച്ചു. ഭമി നഷ്ടമാകുമെന്ന് മനസിലാക്കിയ പത്താന്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ച് വിധി എതിരായതോടെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു പത്താന്‍.
ഹര്‍ജി അപ്രതീക്ഷിതമായി പിന്‍വലിച്ചു
സര്‍ക്കാരിന്റെ അനുമതിയില്ലാതെയും പണം അടയ്ക്കാതെയും എങ്ങനെയാണ് ഒരാള്‍ക്ക് സര്‍ക്കാര്‍ ഭൂമി കൈവശം വെക്കാന്‍ സാധിക്കുക എന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന ചോദ്യവും കോടതി ഉയര്‍ത്തി. അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ അനുവദിക്കുന്ന ഇളവ് ചൂണ്ടിക്കാട്ടിയ പത്താന്റെ അഭിഭാഷകന്‍ കൂടുതല്‍ വാദം നിരത്താന്‍ സമയം ചോദിച്ചു പിന്മാറി.
എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റ് 31ന് അപ്പീല്‍ ഹര്‍ജി യൂസഫ് പത്താന്‍ അപ്രതീക്ഷിതമായി പിന്‍വലിച്ചു. തൊട്ടുപിന്നാലെ യൂസഫ് പത്താന് ഭൂമി കൈമാറാമെന്ന് ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചു. ഇനി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സമിതിയുടെ തീരുമാനം മാത്രമാണ് ബാക്കി. ഭൂമിയുടെ വില സമിതി തീരുമാനിക്കുകയും പത്താന്‍ തുക അടയ്ക്കുകയും ചെയ്താല്‍ ഭൂമി സ്വന്തമാകും. ഏകദേശം 20 കോടിക്ക് മുകളില്‍ വില വരുമെന്നാണ് കരുതുന്നത്. 14 വര്‍ഷമായുള്ള കുരുക്കാണ് ഇതോടെ അഴിയുന്നത്. ബിജെപിക്കൊപ്പം ചേര്‍ന്നാല്‍ എല്ലാ കുരുക്കും അഴിയുമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.


Click it and Unblock the Notifications
